“എന്നെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേൽപ്പാണ് പ്രാണ എന്ന ചിത്രം” – സംഗീത സംവിധായകൻ രതീഷ് വേഗ

കോക്ടെയിലിലെ നീയാം തണലിനും താഴെ.. എന്ന ഗാനത്തിലൂടെയാണ് രതീഷ് വേഗ മലയാളി മനസിൽ ഇടം നേടിയത്. മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഗീത ത്തിലേക്ക് എത്തിയിരിക്കുകയാണ് രതീഷ് വേഗ . വി.കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ 2019ലെ മികച്ച തുടക്കമായി മാറിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രതീഷ് വേഗ . മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

അദ്ദേഹം പറയുന്നു

പ്രാണ ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. അതുകൊണ്ട് പാട്ടുകളും അതേ അനുഭൂതിയുണർത്തുന്നവയായിരിക്കണമെന്ന് വികെപിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം ആ രംഗത്തെക്കുറിച്ചും മൂഡിനെക്കുറിച്ചും കൃത്യമായി വിവരിച്ചുതന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി ദ്രുതതാളത്തിലേക്ക് എത്തുന്നതാണ് പ്രാണയിലെ സംഗീതത്തിന്റെ പ്രത്യേകത. പ്രാണ എന്ന ആശയം മുൻനിർത്തിയാണ് സംഗീതം ചെയ്തത്. അതിനായി പഞ്ചഭൂതം എന്ന തീം ആണ് തിരഞ്ഞെടുത്തത്. എല്ലാ ഭാവങ്ങളും അടങ്ങിയ പാട്ടാണിത്.

എന്റെ സംഗീത സംവിധാന യാത്രയിലെ മറക്കാനാകാത്ത ഒന്നാണ് പ്രാണയിലെ ടൈറ്റിൽ ഗാനം. വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ആ കഷ്ടപ്പെട്ടത്തിന് ഫലമുണ്ടായിട്ടുണ്ട്. ആറു ദിവസം കൊണ്ട് 1 മില്ല്യൺ പ്രേക്ഷകർ ഗാനം കണ്ടുകഴിഞ്ഞു. 2019ന്റെ തുടക്കം എന്നെ സംബന്ധിച്ച് സന്തോഷമുള്ളതാണ്.

സംഗീതത്തെക്കുറിച്ച് അറിവുള്ളയാളാണ് വി.കെ.പി. അതുകൊണ്ടാണ് സിനിമകളിലെ പാട്ടുകളും ജനമനസുകളിൽ നിൽക്കുന്നത്.

സംഗീതത്തെക്കുറിച്ച് അറിവുള്ളവരോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷം തരുന്ന ഒന്നാണ്. എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ളവർ. ഈ ഒരു കെമിസ്ട്രിയാണ് ഞങ്ങൾ ഒന്നിക്കുമ്പോഴുള്ള സംഗീതത്തിലും പ്രകടമാക്കുന്നത്. ഞാനും വികെപിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രാണ.

എല്ലാ കലാകാരന്മാരുടെയും ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമല്ലോ? അതുപോലെയൊന്നാണ് എനിക്കും സംഭവിച്ചത്. സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിരുന്നു. ഈ സമയത്താണ് ഒരു തെലുങ്ക് ചിത്രം ചെയ്തത്. മലയാളം പോലെയല്ല അന്യഭാഷ ഒരുപാട് സമയം എടുക്കും. ഒരു വർഷത്തോളം സമയമെടുത്താണ് അവിടെ സംഗീതസംവിധാനം നിർവഹിച്ചത്. എന്നാൽ സിനിമ റിലീസ് ചെയ്തില്ല. അതോടെ വലിയൊരു ഗ്യാപ് മലയാളത്തിൽ വന്നു. തിരിച്ചുവരാൻ ഞാൻ എങ്ങും പോയിട്ടില്ലെങ്കിൽ പോലും എന്നെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേൽപ്പാണ് പ്രാണ എന്ന ചിത്രം. 

interview with ratheesh vegappattu

HariPriya PB :