എനിക്ക് കഞ്ഞീം പയറും കഴിച്ച് നിലത്ത് ഇരിക്കുന്നതാണ് സംതൃപ്തി, ഞാന്‍ ബിഎംഡബ്യു കാറില്‍ വന്നാലും ഓട്ടോറിക്ഷയില്‍ വന്നാലും ഞാന്‍ ബാലചന്ദ്രമേനോന്‍ തന്നെയാണ് !!!

തന്റെ തലമുറയില്‍ ആദ്യം പദ്മശ്രീ പുരസ്‌കാരം ലഭിക്കേണ്ടത് തനിക്കായിരുന്നുവെന്ന് പറയുകയാണ് ബാലചന്ദ്രമേനോന്‍. 1984-ല്‍ ആയിരുന്നു അതെന്നും തന്റെ ചിത്രമായ ഏപ്രില്‍ 18-ന്റെ ചിത്രീകരണത്തിനിടെയായിരുന്നു പുരസ്‌കാരത്തിന് അവസരം ഒരുങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

”1984-ല്‍ എനിക്ക് പദ്മശ്രീ ലഭിക്കേണ്ടതായിരുന്നു. അതിനുള്ള അവസരവും ഉണ്ടായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഈ തലമുറയില്‍ ആദ്യം പദ്മശ്രീ വാങ്ങേണ്ട ആളായിരുന്നു ഞാന്‍. നടന്നില്ലല്ലോ?. എനിക്ക് കിട്ടിയത് 2007-ലാണ്. കിട്ടി എന്നുള്ളത് സത്യം. എന്നാല്‍ ഈ തലമുറയില്‍ ആദ്യം കിട്ടേണ്ടത് എനിക്കായിരുന്നു. ഏതാണ്ട് അതേ കാലയളവില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എംപിയായി മത്സരിക്കേണ്ട ആളായിരുന്നു ഞാന്‍. അങ്ങനെ പോകാമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ സംതൃപ്തിയാണ്. ചിലര്‍ക്ക് കോടികള്‍ സമ്പാദിക്കാനാണ് ഇഷ്ടം.

എനിക്ക് കഞ്ഞീം പയറും കഴിച്ച് നിലത്ത് ഇരിക്കുന്നതാണ് സംതൃപ്തി. ഞാന്‍ ബിഎംഡബ്യു കാറില്‍ വന്നാലും ഓട്ടോറിക്ഷയില്‍ വന്നാലും ഞാന്‍ ബാലചന്ദ്രമേനോന്‍ തന്നെയാണ്. ആ ഒരു വിശ്വാസമാണ്. പിന്നെന്തിനാണ് മത്സരിക്കാന്‍ പോകുന്നത്. നമുക്ക് ഒരു ജന്മം മാത്രമേയുള്ളൂ..അതിനെ എങ്ങനെ നമുക്ക് ആസ്വാദ്യകരമായി ചെയ്യാന്‍ പറ്റും. അതിന് മാക്സിമം ശ്രമിക്കുക.” – ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ഫാസില്‍, പത്മരാജന്‍ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രില്‍ 18, പാര്‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു – മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള, കാര്‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോള്‍, ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രില്‍ 19 എന്നിവര്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

interview with balachandra menon

HariPriya PB :