ഓരോ സിനിമയും പ്രാർത്ഥിച്ചു കിട്ടുന്നതാണ്. പിന്നെ എവിടെയാണ്ജാഡ കാണിക്കാനും അഹങ്കാരം കാണിക്കാനുമുള്ള അവസരം ; ഇന്ദ്രൻസ്

ഹാസ്യനടനില്‍ നിന്നും സ്വഭാവനടനിലേക്കുള്ള ഇന്ദ്രന്‍സിന്‍റെ മാറ്റം വളരെ പതിയെ ആയിരുന്നു. പക്ഷെ അതൊരു വലിയ മാറ്റം തന്നെയായിരുന്നു. ഓരോ കഥാപാത്രങ്ങളിലൂടെ ഇന്ദ്രന്‍സ് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ദ്രന്‍സിന്‍റെ സമകാലീനരായ നടന്‍മാര്‍ അപ്രധാന വേഷങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ പുതിയ സിനിമകളില്‍ ഇന്ദ്രന്‍സ് അവിഭാജ്യ ഘടകമായി മാറി.

അടുത്തിടെ ഇറങ്ങിയ അഞ്ചാംപാതിര, ഹോം, ഉടൽ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സൂപ്പർ താരമൊന്നുമല്ലെങ്കിലും തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും അഭിനയത്തിലെ കഴിവ് കൊണ്ടും വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം.

സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിച്ചിരുന്ന ഇന്ദ്രൻസ് അതിൽ നിന്നുമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമ്മാവനൊപ്പം തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന ഇന്ദ്രൻസ്. അതിനിടെ നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചിരുന്നു. പിന്നീട് ദൂരദർശനിലെ സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് വസ്ത്രാലങ്കാരം വിട്ട് ബിഗ് സ്‌ക്രീനിലേക്കും ചുവടുവെക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ സൗമ്യ മുഖമായി ഇന്ദ്രൻസ് നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷത്തിലേറെയായി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്. പുതിയ സിനിമയായ ലൂയിസിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് മനസ് തുറന്നത്. ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ .

‘സ്ഥായി ആയി ചില ആളുകൾക്ക് ഒരു ഭാവമുണ്ടാകുമല്ലോ. ചിലർ പഞ്ച പാവമായിരിക്കും എന്നാൽ നമ്മുക്ക് പോയി ഒന്ന് പേര് ചോദിക്കാൻ പോലും പേടി തോന്നും. അതൊക്കെ ഓരോരുത്തരുടെ രൂപത്തിൽ ഉള്ളത് ആണ്. ഞാൻ ഇങ്ങനെയേ ഉള്ളു. ഓരോ സിനിമയും പ്രാർത്ഥിച്ചു കിട്ടുന്നതാണ്. ഒരു കഥാപാത്രം നന്നാവുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല. പിന്നെ അടുത്തതിനുള്ള കാത്തിരിപ്പല്ലേ. അപ്പോൾ എവിടെയാണ് നമ്മുക്ക് ഒരുപാട് ജാഡ കാണിക്കാനും അഹങ്കാരം കാണിക്കാനുമുള്ള അവസരമെന്ന് അറിയാൻ വയ്യ,’
വിഷമിപ്പിക്കുന്ന കാര്യം നല്ല കഥയിലേക്കും പ്രോജക്ടിലേക്കും ചെല്ലുമ്പോഴേക്കും അങ്ങോട്ട് ഒന്നും എത്താതെ പോകുമ്പോഴാണ് വിഷമം. അല്ലെങ്കിൽ കോമഡിയോ സീരിയസോ എന്തും ചെയ്യാൻ ഇഷ്ടമാണ്. ഒരു കഥാപാത്രത്തിന് ജീവനുണ്ടെങ്കിലേ നമ്മുക്ക് അതിൽ ജീവിക്കാൻ കഴിയു. നമ്മൾ ചെയ്യുന്നത് നല്ലൊരു പ്രവർത്തിയാണെന്ന് അറിയാം. അതുകൊണ്ട് അങ്ങനെ കഥാപാത്രങ്ങൾ മാറുമ്പോൾ വിഷമം ഒന്നും തോന്നിയിട്ടില്ല,’

‘എല്ലാ കഥാപാത്രങ്ങൾക്കും രൂപത്തിലും ശബ്ദത്തിലും ഉള്ള മാറ്റങ്ങൾക്ക് അപ്പുറം ഉള്ളിൽ നിന്ന് ഒരു നിറം പകരാൻ ശ്രമിക്കാറുണ്ട്. അതിനിടയിൽ ഒരേപോലുള്ള വേഷങ്ങൾ വന്നാൽ ഉള്ളിൽ ഒരു ചെറിയ സംഘർഷം ഉണ്ടാവാറുണ്ട്,’

കോസ്ട്യുമ് രംഗമാണ് അഭിനയത്തിലേക്കുള്ള വഴി തുറന്നത്. നാടകത്തിൽ നിന്നൊക്കെ അഭിനയ മോഹം ഉള്ളിൽ കിടന്നത് കൊണ്ട് അഭിനയത്തിലേക്ക് വരണം. നല്ല കഥാപാത്രങ്ങൾ ചെയ്യണം നല്ല നടന്മാരോടൊപ്പം അഭിനയിക്കണം എന്നെല്ലാമുള്ള ആഗ്രഹം ഉണ്ടായിരുന്നു. സാങ്കേതിക മേഖല അപകടം പിടിച്ചത് ആണെന്ന് അറിയാമായിരുന്നു. അതൊക്കെ കൂടുതൽ അറിവുള്ളവർക്ക് പറ്റുന്നതാണ്. അതുകൊണ്ട് അഭിനയിക്കണം എന്നല്ലാതെ മറ്റു ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ല,’

‘യാത്രകളാണ് കഥാപാത്രങ്ങളെ സ്വാധീനിക്കാറുള്ളത്. പ്രത്യേകിച്ച് ട്രെയിൻ യാത്രകൾ. ആൾക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴൊക്കെ ആ ഉള്ളവരിൽ ഒരു പത്ത് പേരുടെ ശൈലി എന്താണെന്ന് നോക്കാറുണ്ട്. അതിൽ ഏതെങ്കിലും ഒക്കെ കിട്ടും. കഥാപാത്രങ്ങൾക്ക് ആവർത്തന വിരസത വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. സംവിധായകന്റെ പിന്തുണയൊക്കെ ഉണ്ടെങ്കിൽ അത് നടക്കും,’ ഇന്ദ്രൻസ് പറഞ്ഞു.

AJILI ANNAJOHN :