ഫുട്ബോളിന്റെ കഥയുമായി ഐ എം വിജയൻ സിനിമാ നിർമ്മാണത്തിലേക്ക്

ഫുട്ബോളിന്റെ കഥയുമായി ഐ എം വിജയൻ സിനിമയിലേക്കെത്തുന്നു. മലയാളക്കരയുടെ അഭിമാനവും പ്രിയപ്പെട്ട ഫുട്ബോൾ താരവുമായ ഐ.എം വിജയൻ സിനിമാ നിർ‌മാണരംഗത്തേക്ക് കടക്കുന്നു. ഫുട്ബോളിന്റെ ബാക്ക്ഗ്രൗണ്ടിൽ തന്നെയുള്ളൊരു ചിത്രമാണ് ഐ എം വിജയൻ നിർമ്മിക്കാൻ പോകുന്നതും. നവാഗതനായ ദീപക് ഡിയോൺ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ഡാഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ ഐ​എം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

“ഇത് ഫുട്ബോളിനെ കുറിച്ചുള്ളൊരു കഥയാണ്. ഷൂട്ടിംഗ് തുടങ്ങാൻ പോവുന്നേയുള്ളൂ. ഞാനിപ്പോൾ മലപ്പുറത്താണ് ഉള്ളത്. ഓൾ ഇന്ത്യാ പൊലീസ് ഗെയിംസിന്റെ തിരക്കുകളിലാണ്. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും ടീമിനൊപ്പം ജോയിൻ ചെയ്യും. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. കുട്ടികളുടെ കാസ്റ്റിംഗ് പോലുള്ള കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുറച്ച് ഫ്രണ്ട്സ് ചേർന്നു എടുക്കുന്ന ഒരു ചിത്രമാണിത്,” ഐ എം വിജയൻ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

‘പാണ്ടി ജൂനിയേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ റിലീസ് ചെയ്തിരുന്നു. ‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ സംഭവക്കഥയെ ആസ്പദമാക്കിയുള്ളതാണെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. പാതിയോളം മൂടിയ ഒരു ഫുട്ബോളിന്റെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിന്റെയും ഹൈലൈറ്റ്.

രണ്ടുമാസം മുമ്പ് സിനിമാ നിർമാതാവാകുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടതായിരിക്കും ആദ്യ ചിത്രമെന്ന് ഐ.എം വിജയന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിർമാതാക്കള്‍ തയാറായിട്ടില്ല.ഐ.എം.വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയെന്ന നിലയില്‍ പാണ്ടി ജൂനിയേഴ്‌സിന്റെ ടൈറ്റില്‍ വൈറലായിരിക്കുകയാണ്.

നിറയെ ആരാധകരുള്ള ഫുട്ബോൾ താരത്തിന്റെ പുതിയ സിനിമയിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഫുട്ബോളിനും സിനിമയ്ക്കും മലയാളക്കര മുഴുവൻ കൂടെയുണ്ടാകുമെന്ന് പ്രേക്ഷകർ അറിയിച്ചിരിക്കുകയാണ്. എല്ലാവരും ആകാംക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

i m vijayan new movie

HariPriya PB :