ഹോട്ടലുകൾ ഓൺലൈൻ വിൽപ്പന അവസാനിപ്പിക്കുന്നു – ഊബർ ഇറ്റ്സ് , സ്വിഗ്ഗി , സോമറ്റോ ഡിസംബർ ഒന്ന് മുതൽ ഉണ്ടാകില്ല

ഹോട്ടലുകൾ ഓൺലൈൻ വിൽപ്പന അവസാനിപ്പിക്കുന്നു – ഊബർ ഇറ്റ്സ് , സ്വിഗ്ഗി , സോമറ്റോ ഡിസംബർ ഒന്ന് മുതൽ ഉണ്ടാകില്ല

കൊച്ചി – തിരുവനന്തപുരം നഗരങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഓൺലൈൻ ഭക്ഷണ വില്പ്പന. ഊബർ ഇറ്റ്സ് , സ്വിഗ്ഗി , സോമറ്റോ തുടങ്ങി നിരവധി സേവനങ്ങളാണ് ഭക്ഷ്യ വില്പന ഇത്തരത്തിൽ നടത്തുന്നത്. ആളുകൾക്ക് കുറഞ്ഞ ചിലവിൽ വളരെ വേഗം ഹോട്ടലുകളിൽ പോകാതെ തന്നെ ഇത്തരം സേവനങ്ങളെ ആശ്രയിക്കുന്നത് ഇതിന്റെ പ്രചാരവും വർധിപ്പിച്ചു .

എന്നാൽ ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ എല്ലാ ആപ്പുകളുടെയും സേവനം നിർത്തിവയ്ക്കാൻ ഹോട്ടലുടമകൾ തീരുമാനിച്ചു.കൊച്ചിയിൽ ചേർന്ന ഹോട്ടലുടമകളുടെ യോഗത്തിലാണ് തീരുമാനം. ഡിസംബർ ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോട്ടലുടമകളുടെ കൂട്ടായ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ജയപാൽ വിശദീകരിച്ചു.

ഇതോടെ കൊച്ചിയിൽ വൻ ജനസ്വാധീനം നേടിയ ഊബർ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാവുക. ഇതിന് പുറമെ സ്വന്തം നിലയ്ക്ക് ഓൺലൈൻ വിൽപ്പന തുടങ്ങാനും ഹോട്ടലുടമകളുടെ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

“100 രൂപയ്ക്ക് ഞങ്ങളിൽ നിന്ന് ഉൽപ്പന്നം വാങ്ങി അത് 80 രൂപയ്ക്കാണ് ഈ കുത്തക കമ്പനികൾ പുറത്തുവിൽക്കുന്നത്. അത്തരത്തിൽ ഹോട്ടലുകളിൽ വരുന്ന ഉപഭോക്താക്കളെ മുഴുവൻ അവർ ഓൺലൈനിലേക്ക് ആകർഷിക്കും. ക്രമേണ ഈ രംഗത്തെ ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് നിലനിൽക്കാൻ സാധിക്കാതെ വരും,” ബഹിഷ്കരണ തീരുമാനത്തിന്റെ കാരണം വിശദീകരിച്ച് ജയപാൽ പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഓൺലൈനിൽ 50 രൂപയ്ക്ക് ബിരിയാണി കിട്ടുമ്പോൾ ഉപഭോക്താവ് കരുതുന്നത് ഹോട്ടലുടമ കൊളളലാഭം നേടുന്നുവെന്നാണ്. ഹോട്ടലിൽ നൂറ് രൂപയ്ക്ക് വിൽക്കുന്ന ബിരിയാണിയാണ് ഓൺലൈൻ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഉപഭോക്താക്കൾ ഹോട്ടലിലേക്ക് വരുന്നില്ല,” അസോസിയേഷന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.

hotel owners against zomato , swiggy, and uber eats

Sruthi S :