ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു കോമഡി ചിത്രമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി യെക്കുറിച്ച് ഹരിശ്രീ അശോകൻ !

ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഒരുപാട് നാളത്തെ സംവിധാന മോഹമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ ഹരിശ്രീ അശോകൻ സ്വന്തമാക്കുന്നത്. ചിത്രം ഹാസ്യപ്രധാനമായിരിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.ഇപ്പോഴിതാ ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു കോമഡി ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു എന്ന് പറയുകയാണ് ഹരിശ്രീ അശോകൻ.

‘പ്രിയദര്‍ശനെയും രഞ്ജിത്തിനെയുംപോലുള്ള സംവിധായകരാണ് എന്റെ സംവിധാനമോഹം ആളിക്കത്തിച്ചത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് സിനിമ സംവിധാനം ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നു. അന്നത്തെ ധൈര്യക്കുറവും മറ്റ് സിനിമാ തിരക്കുകളും കാരണം അന്നത് നടന്നില്ല. പിന്നീട് അഭിനയത്തിരക്ക് കുറഞ്ഞ കാലം വന്നപ്പോഴാണ് ഇത് സിനിമ സംവിധാനം ചെയ്യാന്‍ പറ്റിയ സമയമാണെന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു കോമഡി ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. പിന്നീട് അത്തരമൊരു സബ്ജക്ടിനായുള്ള തിരച്ചിലായി. അങ്ങനെയിരിക്കെയാണ് യുവ എഴുത്തുകാരായ ഉണ്ണി, രഞ്ജിത്, യബിന്‍ എന്നിവര്‍ ചേര്‍ന്ന് എന്നോട് ഈ കഥ പറഞ്ഞത്. അങ്ങനെ കഥയെ പൊലിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ രണ്ടുവര്‍ഷത്തെ ഹോം വര്‍ക്ക് ചെയ്തു, പരമാവധി ഹ്യൂമര്‍ കയറ്റി. അങ്ങനെ നര്‍മരസപ്രധാനമായ കഥയുടെ പിന്‍ബലം കിട്ടിയതിനുശേഷമാണ് ഞാന്‍ സംവിധാനം ചെയ്യാന്‍ ധൈര്യപൂര്‍വം ഇറങ്ങിയത്.’

ധര്‍മ്മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, ടിനി ടോം, അബു സലീം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത് . ചിത്രത്തിലെ ഹാസ്യ മുഹൂര്‍ത്തങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരുന്നത്.

ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് തുടങ്ങിയവര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആല്‍ബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

harisree ashokan about an international local story

HariPriya PB :