മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി!!!

മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി. ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയില്‍ താമസിക്കുന്ന കുടുംബമാണ് ഒഴുക്കില്‍പെട്ടത്. ഏഴംഗ സംഘത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നലെ വൈകുന്നേരവും പുരോഗമിക്കുകയാണ്. ഇബ്രയിലെ ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയ സര്‍ദാര്‍ ഖാന്റെ കുടുംബമാണ് ദുരന്തത്തില്‍ പെട്ടത്.

സര്‍ദാര്‍ ഖാന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍ (നാല്), സൈദ് ഖാന്‍ (2), നൂഹ് ഖാന്‍ (28 ദിവസം) എന്നിവരെയാണ് കാണാതായത്. സര്‍ദാര്‍ ഖാന്‍ മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു. 
നാട്ടില്‍ നിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദില്‍ എത്തിയത്. വാഹനം പാര്‍ക്ക് ചെയ്ത് അല്‍പ ദൂരം നടന്ന ശേഷമാണ് മഴ കനത്തത്. ഈ സമയം ഇവിടെയുണ്ടായിരുന്ന സ്വദേശികള്‍ വാദി വരാനിടയുണ്ടെന്നും സ്ഥലത്തുനിന്ന് ഓടി മാറാനും ആവശ്യപ്പെട്ടു. 

ഇതേതുടര്‍ന്ന് ഇവര്‍ തിരിഞ്ഞ് വേഗത്തില്‍ നടക്കുമ്പോഴേക്കും ശക്തമായ മഴവെള്ളപാച്ചില്‍ ഉണ്ടാവുകയും വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തടക്കം വെള്ളം കയറുകയുമായിരുന്നു. ഒരു കുട്ടിയാണ് ആദ്യം ഒഴുക്കില്‍പെട്ടത്.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സര്‍ദാര്‍ഖാന്റെ പിതാവും പിന്നാലെ മറ്റുള്ളവരും ഒഴുക്കില്‍പെട്ടു. അല്‍പദൂരം ഒഴുകിപ്പോയ സര്‍ദാര്‍ഖാന്‍ മരത്തിന്റെ വേരില്‍ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ മുതല്‍ പൊലീസും സിവില്‍ ഡിഫന്‍സും പ്രദേശവാസികളും ചേര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.


പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന ഇവരുടേതടക്കം നിരവധി വാഹനങ്ങളും ഒഴുക്കില്‍പെട്ടു. ഈ വാഹനങ്ങളെല്ലാം നിശ്ശേഷം തകര്‍ന്നനിലയില്‍ ഞായറാഴ്ച കണ്ടെടുത്തു. വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 90.6 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. 
സഞ്ചാരികള്‍ക്കായി ഇവിടെ നിര്‍മിച്ച സൗകര്യങ്ങള്‍ക്കും മഴവെള്ളപാച്ചിലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാദി ബനീ ഖാലിനിലേക്കുള്ള നിരവധി റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതേസമയം, ശനിയാഴ്ച രാത്രി വാദി ബനീ ഖാലിദിലെ വാദി അഖ്ബയില്‍നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്വദേശികളില്‍ ഒരാള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രണ്ടാമനും അത്യാസന്ന നിലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിയിലെ മഴവെള്ള പാച്ചിലില്‍ കുടുങ്ങുകയായിരുന്നു. 

flooding in muscat

HariPriya PB :