സ്വന്തം ഹാസ്യരംഗങ്ങൾ കണ്ടാൽ ജഗതി ചിരിക്കാറില്ല !

മലയാള സിനിമയുടെ ചിരി രാജാവ് ജഗതി ശ്രീകുമാർ പതിയെ അഭിനയത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് . വാഹനാപകടത്തെ തുടർന്ന് ഏഴു വര്ഷക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്തുന്നത്. കുടുംബാംഗങ്ങളാണ് വിവരം പുറത്തു വിട്ടത് .

”ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിനു വേണ്ടി നിര്‍മിക്കുന്ന പരസ്യചിത്രത്തിലൂടെയാണ് തിരിച്ചുവരവ്, ചിത്രീകരണത്തിനായി കുടുംബസമേതം 27ന് തൃശ്ശൂരിലേക്ക് തിരിക്കും.ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നരീതിയിലുള്ള കഥാപാത്രമായിട്ടാണ് അഭിനയിക്കുക.അതിനനുസരിച്ചാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്”-ജഗതിയുടെ മകന്‍ രാജ് കുമാര്‍ പറഞ്ഞു.

സ്വന്തം സിനിമകളിലെ എത്ര വലിയ തമാശരംഗം ടി.വി.യില്‍ കാണുമ്പോഴും അദ്ദേഹം ചിരിക്കാറില്ലെന്ന് സഹായത്തിനൊപ്പമുണ്ടായിരുന്നവര്‍പറയുന്നു . ”ചിലസന്ദര്‍ഭങ്ങളില്‍ ക്യാമറ കാണുമ്പോള്‍ അച്ഛനാകെ മൂഡ് ഔട്ടാകും. വിഷമത്തോടെ പിന്നീട് തലതാഴ്ത്തി ഇരുന്നുകളയും. സംസാരിച്ചിരുന്നശേഷമാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ചിരിച്ചു തന്നെ ഇരിക്കും.” മകന്‍ വിശദീകരിച്ചു.

തിരുവനന്തപുരത്തെ വീടിനെകുറിച്ചും ജഗതിയുടെ ദിനചര്യകളെ കുറിച്ചും ഭാര്യ ശോഭയാണ് സംസാരിച്ചത്. ”നഗരത്തിന്റെ തിരക്കില്‍നിന്ന് മാറിത്താമസിക്കാന്‍ വേണ്ടിയാണ് ഇവിടെ കുന്നിന്‍മുകളില്‍ വീടെടുത്തത്. സിനിമയില്‍ എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുന്നതായിരുന്നു ശീലം. തമാശകളെല്ലാം സെറ്റില്‍തന്നെ അഴിച്ചുവെച്ചാണെത്തുക, വീട്ടിലുണ്ടാകുമ്പോള്‍ എല്ലാവരുമൊന്നിച്ച് സിനിമ കാണാന്‍ പോകുന്നത് പതിവായിരുന്നു. സിനിമ കണ്ടുമടങ്ങുമ്പോള്‍ ഹോട്ടലില്‍ കയറി ഭക്ഷണംകഴിക്കും. ചോറും മീന്‍കറിയുമായിരുന്നു അമ്പിളിച്ചേട്ടന്റെ ഇഷ്ടഭക്ഷണം” ജഗതിയുടെ ഭാര്യ ശോഭ പറഞ്ഞു.

അപകടത്തിനുശേഷം ഒരു ദിവസംപോലും മുടങ്ങാതെ കൊണ്ടുപോകുന്ന ചികിത്സയെകുറിച്ചും വീട്ടിലുള്ളവര്‍ വിശദീകരിച്ചു. സംസാരിക്കാനുള്ള പ്രയാസമാണ് നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നത്. ആംഗ്യഭാഷയിലൂടെയാണ് പലതും പറയുന്നത് ചില വാക്കുകളെല്ലാം ഉച്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓര്‍മശക്തിക്കും ഇടിവുവന്നിട്ടില്ല, പഴയ സംഭവങ്ങള്‍ പറയുമ്പോള്‍ അതിനോട് ചേര്‍ന്നുനിന്ന് ചിരിക്കുകയും കണ്ണുനിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ വിശദീകരിച്ചു. ഭക്ഷണത്തിന് ഇന്ന് നിഷ്‌കര്‍ഷകളില്ല. വീട്ടിലുണ്ടാക്കുന്ന എല്ലാം കഴിക്കാം. ചാനല്‍ വാര്‍ത്തകള്‍ ശ്രദ്ധയോടെ കേട്ടിരിക്കും, പാട്ട് വയ്ക്കുമ്പോള്‍ ഒരുപാടുനേരം അതാസ്വദിച്ചിരിക്കും. കൊച്ചുമക്കളെ കാണുമ്പോള്‍ വലിയ സന്തോഷമാണ്. അവരുമായി പഞ്ച്പിടിച്ചു കളിക്കുന്നതെല്ലാം ഇഷ്ടമുള്ള കാര്യമാണ്.

family members about jagathy sreekumar

Sruthi S :