സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്ത്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നതിനേക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ദ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇന്ത്യ പോലൊരു പുരോഗമന രാജ്യത്ത് ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം സാധാരണമാവേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു ഈ അഭിപ്രായപ്രകടനം.
ഒരേ ലിംഗക്കാരുടെ വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനോടുള്ള പ്രതികരണമായാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയിലെ ചെറുഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ചിട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ആശയമല്ല. മാനുഷിക ആവശ്യമാണ്. അവകാശമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തേ സംവിധായകന്‍ ഹന്‍സല്‍ മേത്തയും ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം വിവാഹങ്ങള്‍ നിയമപരമാക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഗേ ദമ്പതികളുടെ ജീവിതം ആസ്പദമാക്കി 2022-ല്‍ പുറത്തുവന്ന ഒരു ആന്തോളജി സീരീസ് മേത്ത സംവിധാനം ചെയ്തിരുന്നു.
അതേസമയം തന്റെ പുതിയ ചിത്രമായ ദ വാക്‌സിന്‍ വാറിന്റെ തിരക്കുകളിലാണ് വിവേക് അഗ്നിഹോത്രി. ഇന്ത്യയുടെ കോവിഡ് പോരാട്ടമാണ് ചിത്രത്തിനാധാരം. ചിത്രത്തിലെ അഭിനേതാക്കള്‍ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 11 ഭാഷകളിലാകും വാക്‌സിന്‍ വാര്‍ എത്തുക. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.