സിനിമകളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ട് വണ്ടിക്കൂലി പോലും കിട്ടാത്ത സാഹചര്യം

റോമൻസ്, വികടകുമാരൻ, അൽ മല്ലു തുടങ്ങി ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണു ബോബൻ സാമുവലും
അദ്ദേഹത്തിന്റെ ഭാര്യ രശ്‌മി ബോബനും മലയാളികൾക്ക് പരിചിതരാണ് . ജനപ്രിയന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബോബൻ സീരിയൽ രംഗത്തും സജീവമാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അസിസ്റ്റന്റും അസോസിയേറ്റുമായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഇതുവരെ ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ജയസൂര്യയെ നായകനാക്കി ഒരുക്കിയ ജനപ്രിയന് ശേഷം റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളാണ് ബോബന്‍ സാമുവലിന്റെതായി പുറത്തിറങ്ങിയത്. അതേസമയം, ഈ സിനിമകൾ സംവിധാനം ചെയ്യുന്നതിന് മുൻപ് ദീർഘനാൾ സീരിയലിൽ ആയിരുന്നു ബോബൻ സാമുവൽ. സിനിമകളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ട് വണ്ടിക്കൂലി പോലും കിട്ടാത്ത സാഹചര്യം വന്നതോടെയാണ് അദ്ദേഹം സീരിയലിലേക്ക് ചേക്കേറിയത്.

ഇപ്പോഴിതാ, അതിനെ കുറിച്ച് സംസാരിക്കുകയാണ് ബോബൻ സാമുവൽ. ഭാര്യ രഷ്മിക്കൊപ്പം അമൃത ടിവിയിലെ പറയാം നേടാമിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ‘1993 മുതൽ സിനിമയിലുണ്ട്. എല്ലാ സെറ്റുകളിലും പോകുമായിരുന്നു. സംവിധായകരുടെ വീട്ടിൽ ഒക്കെ പോയിട്ടുണ്ട്. പദ്മരാജൻ സാറിന്റെ വീട്ടിൽ ഒക്കെ പോയിട്ടുണ്ട്. അദ്ദേഹം മീശ മുറിച്ചിട്ട് വരാൻ പറഞ്ഞിട്ടുണ്ട്. രാവിലെ ഏഴ് മണിക്കൊക്കെയാണ് കയറി ചെല്ലുന്നത്. അന്ന് സിനിമ എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ തലമുറയെ പോലെ പെട്ടെന്ന് എത്തിപ്പിടിക്കാൻ കഴിയുന്ന ഏരിയ ആയിരുന്നില്ല,’

‘ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ വീടിനടുത്ത് സ്ഥിരം ഷൂട്ടിങ് നടക്കുന്ന ഒരു വീടുണ്ടായിരുന്നു. അവിടെ സ്ഥിരം ഷൂട്ടിങ്ങാണ്. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണാം. അപ്പോൾ അവിടെ ജനറേറ്റർ വണ്ടി കണ്ടാൽ അന്ന് ഞാൻ സ്‌കൂളിൽ പോകില്ല. അവിടെയൊക്കെ കറങ്ങിയടിച്ച് നടക്കും,’ ബോബൻ സാമുവൽ പറഞ്ഞു.

‘സിനിമ സംവിധായകനാവാൻ നടന്നിട്ട് പിന്നീട് സീരിയലിലേക്ക് വന്നതിനെ കുറിച്ച് കഷ്ടപ്പാടിന്റെ കഥയാണ് ബോബന് പറയാനുണ്ടായിരുന്നത്. ‘സിനിമയോട് ഒരു ഭ്രമം ഉണ്ടായിരുന്നു. എന്നാലും ഒപ്പം എന്തെങ്കിലും ജീവിതമാർഗവും കണ്ടെത്തണമായിരുന്നു. ഒരു ജോലിക്ക് പോയാൽ ഇതിൽ ശ്രദ്ധിക്കാൻ പറ്റില്ല. സത്യം പറഞ്ഞാൽ ഇതുവരെ ഒരു ഇന്റർവ്യൂവിലും പങ്കെടുത്തിട്ടില്ല. മറ്റൊരു ജോലിയും ചെയ്തിട്ടില്ല ആരുടെ കീഴിലും വർക്ക് ചെയ്തിട്ടില്ല,’

അന്നും സിനിമ എന്താകുമെന്ന് ഒന്നും അറിയില്ല. പിന്നെ ഒരു ധൈര്യത്തിന്റെ പുറത്ത് മുന്നോട്ട് പോകുന്നതായിരുന്നു. പക്ഷെ അന്ന് സിനിമയിലെ ടെക്‌നീഷ്യൻ മാരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പ്രത്യേകിച്ച് ഈ സഹസംവിധായകരുടേത്. സിനിമയൊക്കെ കഴിഞ്ഞ് വണ്ടിക്കൂലി ഒക്കെ കിട്ടിയാൽ ആയി. പല പടങ്ങളിലും വണ്ടി കൂലി പോലും കിട്ടാതെ വന്നിട്ടുണ്ട്. ഒരു സിനിമയിൽ എനിക്ക് ഇപ്പോഴും ഓർമയുണ്ട്, ജോണി ആന്റണി 500 രൂപ തന്നാണ് എന്നെ പാലക്കാട് നിന്ന് നാട്ടിലേക്ക് അയച്ചത്. അന്ന് അദ്ദേഹം അസോസിയേറ്റ് ആയിരുന്നു,’

‘അങ്ങനെ ഒക്കെ ആയപ്പോൾ അവിടെ നിലനില്പിന്റെ ഒരു പ്രശ്‌നം കൂടി വന്നു. അങ്ങനെ ഇരുന്നപ്പോഴാണ് ദൂരദർശന്റെ ഒരു സീരിയലിൽ യാദൃശ്ചികമായി വർക്ക് ചെയ്യാനുള്ള ഒരു അവസരം ലഭിക്കുന്നത്. അപ്പോൾ പതിമൂന്ന് എപ്പിസോഡുകൾ ഉള്ള സീരിയലാണ്. അന്ന് എനിക്ക് അതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ല. പോയി വർക്ക് ചെയ്തു. ഒരു മുപ്പത് ദിവസം വർക്ക്ക് ചെയ്തു,’

‘ബിഗ് ബജറ്റ് സിനിമകൾക്ക് ഒന്നും കിട്ടാത്തിടത് ഇതിന് ഒന്നും കിട്ടില്ലെന്ന് ആണ് കരുതിയത്. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ആ പതിമൂന്ന് എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു നല്ലൊരു സംഘ്യ കയ്യിൽ കിട്ടി. പിന്നീട് അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും നിരവധി സീരിയലുകളിൽ പ്രവർത്തിച്ചു. സ്വന്തമായി മൂന്ന് നാല് സീരിയലും സംവിധാനം ചെയ്തു,

”സീരിയലിലെ സുവർണ കാലഘട്ടത്തിലാണ് ഞാൻ ചീഫ് അസോസിയേറ്റ് ആകുന്നത്. തിലകൻ, രതീശ്, ശ്രീവിദ്യ എന്നിവരൊക്കെ സീരിയലിൽ അഭിനയിക്കുന്ന സമയത്തായിരുന്നു അത്. അങ്ങനെ വലിയൊരു ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ച് രശ്മിയും സംസാരിക്കുന്നുണ്ട്. അവതാരകയായി കരിയർ തുടങ്ങിയ താൻ ആദ്യം സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു എന്നാണ് രശ്‌മി പറഞ്ഞത്. വിവാഹം കഴിഞ്ഞ് മൂത്തമകൻ ആയ ശേഷമാണു മനസിനക്കരെയിലൂടെ സിനിമയിലെത്തിയതെന്ന് രശ്മി പറഞ്ഞു.

AJILI ANNAJOHN :