സംസ്ഥാന ചലച്ചിത്ര പുരസ്കാരം തിരുത്തേണ്ടി വരും!

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ തിരുത്തലിന് സാധ്യത. മികച്ച നൃത്ത സംവിധായകനുള്ള പുരസ്‍കാരം അരവിന്ദന്റെ അതിഥികളിലെ നൃത്തസംവിധാനത്തിന് പ്രസന്ന സുജിത്തിനാണ്. എന്നാൽ ആ സിനിമയിൽ പ്രസന്ന മാസ്റ്ററെ കൂടാതെ ബിജു ധ്വനി തരംഗ് എന്ന നൃത്ത സംവിധായകൻ കൂടി പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കാർഡിൽ സംഭവിച്ച പിഴവു കൊണ്ടുമാത്രം ബിജുവിനു നഷ്ടമായിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.

ഇത്തരത്തിൽ പുരസ്കാരം നഷ്ടമായതില്‍ വലിയ സങ്കടമുണ്ടെന്ന് ബിജു അറിയിച്ചു. ചിത്രത്തിന്റെ കഥാഗതിയുമായി ചേർന്നു നിൽക്കുന്ന നൃത്തങ്ങളെല്ലാം ആവിഷ്കരിച്ചത് ബിജുവാണ്. സിനിമയിൽ നായിക, അരവിന്ദനെ ഉപേക്ഷിച്ചു പോയ അമ്മയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത് സ്റ്റേജിൽ കർണന്റെയും കുന്തിയുടെയും നൃത്താവിഷ്കാരം കണ്ടിട്ടാണ്. പലപ്പോഴും സ്ക്രീനിൽ ആ രംഗങ്ങൾ എത്തുന്നുണ്ട്. ഈ കൊറിയോഗ്രാഫി ചെയ്തത് ബിജുവാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡാൻസ് സീക്വൻസുകളെല്ലാം ബിജുവിന്റെതായിരുന്നു. കുടജാദ്രിയിൽ ഷൂട്ട് ചെയ്ത ഒരു പാട്ടിൽ മാത്രമാണ് പ്രസന്ന മാസ്റ്റർ നൃത്താവിഷ്കാരം നടത്തിയത്. സിനിമയിൽ ഭൂരിഭാഗം വരുന്ന നൃത്താവിഷ്കാരം ചെയ്ത ബിജുവിനെ അക്കാദമി പരിഗണിക്കാതെ പോയത് ടൈറ്റിൽ കാർഡിൽ പേരില്ലാത്തതു കൊണ്ടുമാത്രമായിരിക്കാം എന്നാണു വിലയിരുത്തൽ.

ബിജുവിന്റെ വാക്കുകൾ ഇങ്ങനെ: ‘അരവിന്ദന്റെ അതിഥികൾ ഇറങ്ങിയപ്പോൾ തന്നെ അതിന്റെ ടൈറ്റിൽ കാർഡിൽ എന്റെ പേരു വെക്കാൻ മറന്നിരുന്നു. അസോസിയേറ്റ്സിനു പറ്റിയ തെറ്റാണ്. അത് ഞാൻ അറിഞ്ഞത് പിന്നീടാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു ഞാൻ ചോദിച്ചപ്പോൾ അണിയറ പ്രവർത്തകരുടെ മറുപടി ഇങ്ങനെയായിരുന്നു. സിനിമ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഞാൻ പിന്നെ ആ സിനിമയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ മോഹൻ സാറിനോടോ പ്രൊഡ്യൂസറായ പ്രദീപ് സാറോ ഇതേപറ്റി കൂടുതലൊന്നും സംസാരിച്ചില്ല. കാരണം വളരെ നല്ല ആളുകളാണ് അവർ. അവാർഡ് വന്നപ്പോഴും പ്രദീപ് സർ പറഞ്ഞു നിന്റെ പേരു വയ്ക്കാത്തതു വലിയ കഷ്ടമായി പോയല്ലോ. ഒരു തവണ അപ്‌ലോഡ് ചെയ്ത സിനിമ രണ്ടാമതു അപ്‌ലോഡ് ചെയ്യുന്നതൊക്കെ വലിയ എക്സ്പെൻസീവ് ആണെന്നു തോന്നുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെ ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിക്ക് ലെറ്റര്‍ അയച്ചിട്ടുണ്ട്. നമ്മൾ ചെയ്ത വർക്കിനു അംഗീകാരം ലഭിക്കാത്തതിനാൽ നമുക്ക് സങ്കടം തോന്നുന്നതു സ്വാഭാവികമാണല്ലോ. അവാർഡ് പ്രഖ്യാപിച്ചപ്പോൾ നവ്യ നായർ അടക്കമുള്ളവ‍ർ എന്നെ വിളിച്ച് ഇങ്ങനെ ഒരു വാർത്തയുണ്ടല്ലോ? അതു കഷ്ടമായി പോയല്ലോ എന്നു പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമുള്ളതു കൊണ്ടാണ് ഒഴിവായതെന്ന് ഞാൻ നവ്യയോടു പറഞ്ഞു.’

ടൈറ്റിൽ കാർഡിൽ ബിജുവിന്റെ പേരു വെക്കാൻ മറന്നു പോയത് അന്നു പറ്റിയ ഒരു അബദ്ധമാണെന്നു ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രദീപ് കുമാർ പുതിയറയും സമ്മതിക്കുന്നുണ്ട്. ഈ ഒരു കാരണം കൊണ്ട് ബിജുവിന്റെ കഴിവ് അംഗീകരിക്കപ്പെടാതെ പോകരുതെന്നു കരുതുന്നതിനാൽ ചലച്ചിത്ര അക്കാദമിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവും സംവിധായകനും.

biju dwani tharang lost kerala state filim award

HariPriya PB :