ബിഗ് ബോസ്സിൽ ഡോ. രജിത്തിനെ ഒറ്റപ്പെടുത്താൻ ശ്രമം; കരുനീക്കുന്നതാര്?

ബിഗ് ബോസ് സീസൺ രണ്ട് ആരംഭിച്ചപ്പോൾ തന്നെ നിരവധി വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പാത്രമായ മത്സരാർഥിയാണ് ഡോ. രജിത്ത് കുമാർ. തന്നോടൊപ്പമുള്ള മറ്റ് മത്സരാർത്ഥികൾ തിരഞ്ഞെടുത്തതിന്റെ ഫലമായി ഒരിക്കൽ എലിമിനേഷനും നേരിടേണ്ടി വന്നു. എന്നാൽ അന്ന് തുണയായത് പ്രേക്ഷകരായിരുന്നു. അവസാനഘട്ടത്തിൽ രാജിനിയെ പിന്തള്ളി രജിത്ത് കുമാർ ബിഗ് ബോസ് ഹോസിൽ തുടരുകയായിരുന്നു.

എന്നാൽ ഓരോ എപ്പിസോഡിലും വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയാകുന്ന രജിത്തിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട് രജിത്ത് കുമാർ ഇത്രമേൽ ഒറ്റപ്പെട്ടുപോകുന്നു എന്ന് പ്രേക്ഷകരും ചിലപ്പോൾ അമ്പരന്നേക്കാം. ബിഗ് ബോസ്സിലെ രജിത്ത് കുമാറിന്റെ പരാമർശങ്ങളും അഭിപ്രായപ്രകടനങ്ങളും തനിയെ സംസാരിക്കുന്ന സ്വഭാവവുമൊക്കെ പലപ്പോഴും വഴക്കിലും വാക്ക് തർക്കത്തിലും കലാശിക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. എന്താണ് ബിഗ് ബോസ് ഹൗസിൽ രജിത്തിനെതിരെ സംഭവിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. ഇതിന്റെ സൂചനകൾ കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള നിർദേശം മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്‌ ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം.

ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാം. വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്തു. തികച്ചും വ്യത്തികെട്ട കളിയെന്നായിരുന്നു രജിത്ത് കുമാർ ടാസ്ക്കിനെ വിമർശിച്ചത്. രണ്ടുപേരും തനിക്കെതിരെ ആസൂത്രിതമായി കളിച്ചതാണെന്ന് വ്യക്തമല്ലേ എന്നും ഡോ.രജിത്ത് കുമാർ ആത്മഗതം നടത്തി. ഒടുവിൽ വീണ സ്വയം മത്സരത്തിൽ തോറ്റു കൊടുക്കുന്നതും വ്യക്തമായിരുന്നു. ഒടുവിൽ പുതിയ ക്യാപ്റ്റനായി ഫുക്രു തിരഞ്ഞെടുക്കപ്പെട്ടു. ഒരു യുവതുർക്കിയും മിഡിൽ എജ്ജും വാർദ്ധക്യവും തമ്മിൽ മത്സരിക്കുമ്പോൾ വാർദ്ധക്യം ഒഴിഞ്ഞു പോകുന്നതല്ല നല്ലത് എന്നാണ് മത്സരത്തിന് ശേഷം രജിത്ത് കുമാർ വീണയോട് ചോദിച്ചത്.

bigg boss mallayalam dr ranjith

Noora T Noora T :