“എം ടി വാസുദേവൻ നായർ , ‘റം’ കുടിപ്പിച്ച് പറയിച്ച ഡയലോഗാണത് ” – ബാബു ആന്റണി

“എം ടി വാസുദേവൻ നായർ , ‘റം’ കുടിപ്പിച്ച് പറയിച്ച ഡയലോഗാണത് ” – ബാബു ആന്റണി

ഒത്ത ശരീരവും ആകാരവും ശബ്ദവുമൊക്കെ കണ്ടാൽ ബാബു ആന്റണിയുടെ മുന്നിൽ ഹോളിവുഡ് താരങ്ങൾ മാറി നില്കും. അത്രക്ക് ഗാംഭീര്യമാണ് അദ്ദേഹത്തിന് . സിനിമയിൽ എത്തിയിട്ട് 33 വർഷങ്ങൾ പിന്നിടുമ്പോളും മലയാളികൾ അദ്ദേഹത്തെ മറന്നിട്ടില്ല. പല പല വഴിയിലൂടെ സഞ്ചരിച്ച് ഒടുവിൽ സിനിമയിൽ എത്തിയ ബാബു ആന്റണി വൈശാലിയിലെ അനുഭവങ്ങൾ പങ്കു വെയ്കുന്നു.

‘ഭരതേട്ടൻ ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താൽ ഭരതൻ അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങൾക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച് കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം സിനിമകൾ ഒന്നും ചെയ്യാത്ത ഒരാളെ ഇത്രയും വലിയ ഒരു കഥാപാത്രം ഏൽപ്പിക്കുന്നത് എങ്ങനെയെന്ന് ഭരതേട്ടനോട് പലരും ചോദിച്ചു. ഒരു രാജ്യത്തെ രാജാവ് എന്ന് പറയുന്നത് ആ രാജ്യത്തെ ഏറ്റവും നല്ല യോദ്ധാവാണ്. ആ യോദ്ധാവിനൊരു ശരീരഭാഷയും ആകാരഭംഗിയും ഉണ്ട്. അത് ഇവനുണ്ട്, ബാക്കി ഞാൻ ചെയ്യിച്ചോളാം എന്നാണ് അവരോടൊക്കെ ഭരതേട്ടൻ പറഞ്ഞത്.’

‘ഒരിക്കലും ഈ കഥാപാത്രത്തെ കുറിച്ച് കാര്യമായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. ഹത്യ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ ബോംബെയിലായിരുന്നപ്പോൾ‌ ഭരതേട്ടൻ അവിടെ വന്നു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും കഥാപാത്രങ്ങൾ ചെയ്യാൻ ആളെ നോക്കുകയാണ് ഞാൻ, നിനക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ എനിക്ക് അറിയാവുന്ന കുറച്ചു പേരെ കണക്ട് ചെയ്തു കൊടുത്തു. അന്നൊന്നും ഞാൻ ഈ സിനിമയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചിലപ്പോൾ നീ അഭിനയിക്കേണ്ടി വരും എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാസ്റ്റിങ് എല്ലാം കഴിഞ്ഞ് മൈസൂരിൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നുവെന്ന് അറിഞ്ഞു. അപ്പോഴാണ് ഭരതേട്ടൻ എന്നോട് മൈസൂരിലേക്ക് ചെല്ലാൻ പറയുന്നത്. അങ്ങനെ മൈസൂരിൽ ചെന്നു. രാജാവിന്റെ വേഷം എടുത്ത് ഇടാൻ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് വൈശാലിയിലെ വേഷം ലഭിക്കുന്നത്’

‘ഭരതേട്ടന്റെ സെറ്റ് ടെൻഷൻ ഇല്ലാത്ത സെറ്റാണ്. അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആണ്. നീ അങ്ങോട്ട് ചെയ്യടാ എന്നൊരു ലൈൻ ആണ് അദ്ദേഹത്തിന്. മറ്റുള്ളവർ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട, ഇപ്പോൾ അഭിനയിക്കുന്നത് കറക്ടാണ്, ഇങ്ങനെതന്നെ ചെയ്തോ, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ പറഞ്ഞുതരാം എന്നാണ് അദ്ദേഹം പറഞ്ഞത്. സുപർണ, സഞ്ജയ്, വേണുചേട്ടൻ, അശോകൻ, വാസുവേട്ടൻ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.’

‘വാസുവേട്ടൻ (എം ടി വാസുദേവൻ നായർ) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നിൽക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച് അങ്ങനെ നിൽക്കും. സിനിമയുടെ ക്ലൈമാക്സിൽ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോൾ വിറയ്ക്കാൻ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോൾ ചുണ്ടുകൾ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്‌ഷൻ പറഞ്ഞിട്ടും വിറയൽ മാറിയില്ല. അപ്പോഴാണ് എന്റെ പുറകിൽ വന്ന് ഒരാൾ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ വാസുവേട്ടൻ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഗ്ലാസിൽ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാൻ എന്ന മട്ടിൽ ഒരു ആംഗ്യം കാണിച്ചു. ഞാൻ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂർത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനിൽക്കുന്ന ആളായിരുന്നു അദ്ദേഹം.’ ബാബു ആന്റണി പറയുന്നു.

babu antony about vaishali movie

Sruthi S :