സിനിമയില്‍ ആരെങ്കിലും എന്നെ അടിക്കുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണ് നിറയും ;ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ വിയോഗ വാര്‍ത്ത വേദനയോടാണ് മലയാളികള്‍ കേട്ടത് . മമ്മൂട്ടിയുടെ കലാജീവിതത്തിന് എന്നും ഊര്‍ജം പകര്‍ന്നത് ഉമ്മയായിരുന്നു . മമ്മൂട്ടിക്കും ഉമ്മ എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ് എന്നായിരുന്നു ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
ഇന്ന് പുലർച്ചെയാണ് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു പ്രായം. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

പലപ്പോഴും തന്റെ ഉമ്മയെ കുറിച്ചും വാപ്പയെ കുറിച്ചും നാടായ ചെമ്പിനെ കുറിച്ചുമൊക്കെ മമ്മൂട്ടി വാചാലനായിട്ടുണ്ട്. ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ ആറ് മക്കളിൽ ഒരാളാണ് മമ്മൂട്ടി. നടനായ ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങൾ. ഉമ്മയുടെ വിയോഗ വാർത്ത പുറത്തുവരുമ്പോൾ ഉമ്മയെ കുറിച്ച് മമ്മൂട്ടി മുൻപ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിലൊക്കെ വൈറലായി മാറുകയാണ്.

തന്റെ ഉമ്മ ഒരു പാവമാണെന്നാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്. 2009 ൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇത്. താൻ അഭിനയിക്കുന്ന സിനിമയിൽ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ആരെങ്കിലും അടിച്ചാൽ. അത് കണ്ട് ഉമ്മയുടെ കണ്ണ് നിറയുമെന്ന് മമ്മൂട്ടി അന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

‘എന്‍റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയിൽ എന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്‍റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്‍റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനെ ഒന്നും പറയാന്‍ ഉമ്മയ്ക്ക് അറിയില്ല,’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

‘ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്‍റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്‍റെ അടുത്തേയ്ക്ക് പോകണമെന്ന്, എന്നെ അവിടെക്കൊണ്ടാക്ക് എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്‍റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്‍റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ.

‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും,’ എന്നും മമ്മൂട്ടി അന്ന് ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെ മാതൃ ദിനത്തിൽ ഉമ്മയെ കുറിച്ച് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചതും ശ്രദ്ധനേടിയിരുന്നു. ‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്’, ‌എന്നായിരുന്നു ഉമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്.

മമ്മൂട്ടിയുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്ക് ഉമ്മയോടുള്ള സ്നേഹത്തെ കുറിച്ച് വാചാലനായിട്ടുണ്ട്. മമ്മൂട്ടിയെന്ന മകന്‍ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറിപ്പോകുന്ന ആളാണെന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വല്ലുമ്മയും ഉമ്മയും അടക്കമുള്ള ശക്തരായ സ്ത്രീകളോടൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിരുന്നു. ലൊക്കേഷനിൽ എത്ര തിരക്കിലായാലും വാപ്പച്ചി ഉമ്മയെ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കാറുണ്ടെന്നും കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി സംസാരിക്കുന്നത് കാണാറുണ്ടെന്ന് ദുൽഖർ മുൻപ് പറഞ്ഞിട്ടുണ്ട്. അതേസമയം, മമ്മൂട്ടിയുടെ നാടായ ചെമ്പിൽ ഇന്ന് വൈകുന്നേരമാണ് ഉമ്മയുടെ ഖബറടക്കം.

AJILI ANNAJOHN :