ആരാധ്യയെ കുറിച്ചുള്ള വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം നീക്കം ചെയ്യണം, ഗൂഗിളിനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. കുട്ടിയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.

ആരാധ്യയും അഭിഷേക് ബച്ചനും സംയുക്തമായി നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി ഗൂഗിളിനോട് അവരുടെ പ്ലാറ്റ്‌ഫോമുകളിലുള്ള ഏതാനും വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആരാധ്യ ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നും തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

ഈ രാജ്യത്തെ ഓരോ കുട്ടിയും ബഹുമാനത്തോടെ പരിപാലിക്കണപ്പെടണമെന്നാണ് നിയമം അനുശാസിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കേസ് പരിഗണിക്കവേ ജസ്റ്റിസ് സി ഹരി ശങ്കര്‍ പറഞ്ഞു.

സംശയാസ്പദമായ അപ്ലോഡ് ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പരാതിക്കാരനെ അറിയിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ട കോടതി, സമാനമായ വീഡിയോകള്‍ ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം നീക്കം ചെയ്യണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു. കൂടാതെ യുട്യൂബ് പ്ലാറ്റ്‌ഫോമിലെ അത്തരം ആക്ഷേപകരമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നയം വിശദമായി വ്യക്തമാക്കുന്ന പ്രതികരണം സമര്‍പ്പിക്കാനും കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല. സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു.

Vijayasree Vijayasree :