“25 വയസുവരെയും ആത്മഹത്യയെ പറ്റി മാത്രമാണ് ചിന്തിച്ചിരുന്നത് ” – വെളിപ്പെടുത്തലുമായി എ ആർ റഹ്മാൻ

“25 വയസുവരെയും ആത്മഹത്യയെ പറ്റി മാത്രമാണ് ചിന്തിച്ചിരുന്നത് ” – വെളിപ്പെടുത്തലുമായി എ ആർ റഹ്മാൻ

സംഗീത ലോകത്തെ മന്ത്രികനാണ് എ ആർ റഹ്മാൻ .ഉയരങ്ങൾ കീഴടക്കി വിജയങ്ങൾ കൊയ്തു നിൽക്കുന്ന റഹ്മാന് ജീവിതത്തിൽ വലിയൊരു ഇരുണ്ട കാലമുണ്ടായിരുന്നു. തന്റെ ജീവ ചിത്രത്തിലാണ് അതിനെ പറ്റി റഹ്‌മാൻ പങ്കു വെയ്ക്കുന്നത് . ഇരുപത്തിയഞ്ചു വയസു വരെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസിലെന്ന് എ ആര്‍ റഹ്മാൻ വെളിപ്പെടുത്തുന്നു .

“നമ്മളില്‍ പലര്‍ക്കും തോന്നാം നമ്മളൊന്നുമല്ലെന്ന്. അച്ഛന്റെ മരണത്തിനു ശേഷം അനുഭവപ്പെട്ട ശൂന്യതയാണ് ചിന്തകളെ ആത്മഹത്യയിലേക്ക് വഴി തിരിച്ചു വിട്ടത്. നിരാശകള്‍ വല്ലാതെ മനസിനെ ഉലച്ചപ്പോള്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങുകയായിരുന്നു. പതുക്കെ പതുക്കെ ഞാന്‍ നിര്‍ഭയനായി. മരണം എന്നത് ഏവര്‍ക്കും സംഭവിക്കുന്നതാണെന്ന തിരിച്ചറിവോടെ എന്റെയുള്ളിലെ ഭീതി മാറി. ഒന്നും ശാശ്വതമല്ലെന്നും ജനിച്ചാല്‍ മരണമുണ്ടെന്നുമിരിക്കെ എന്തിനെ ഭയപ്പെടണം എന്നും എ ആര്‍ ചോദിക്കുന്നു.

ചെന്നൈയിലെ പഞ്ചതന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിക്കുന്നതോടെയാണ് റഹ്മാന്‍ പാട്ടിന്റെ വസന്തകാലം തുടങ്ങുന്നത്. അതിനുമുമ്പ് പിതാവിന്റെ മരണവും മറ്റു പല കാര്യങ്ങളും കൊണ്ട് പല സിനിമകളും ഞാന്‍ ചെയ്തില്ല. 35 സിനിമകള്‍ ലഭിച്ചതില്‍ രണ്ടെണ്ണമാണ് ആകെ ചെയ്തത്.

എങ്ങനെയാണ് നിങ്ങള്‍ ജീവിക്കുക എന്ന് പലരും അത്ഭുതത്തോടെ ചോദിച്ചിരുന്നു. നിങ്ങള്‍ക്കുള്ളതെല്ലാം നേടിയെടുക്കൂ എന്നും പറഞ്ഞു ചിലര്‍. എനിക്കന്ന് 25 വയസായിരുന്നു. ചെയ്യാന്‍ സാധിക്കുന്നില്ലായിരുന്നു. പോക്കി പോക്കി മുഴുവന്‍ ഭക്ഷണവും ഒരുമിച്ചു കഴിച്ച പോലെയായിരുന്നു അന്നൊക്കെ. ചെറുതെന്തെങ്കിലും കഴിച്ചാലും വയര്‍ നിറയുന്ന അവസ്ഥ, റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

സംഗീതജ്ഞനും പിതാവുമായ ആര്‍.കെ.ശേഖറിന്റെ മരണ സമയത്ത് റഹ്മാന് ഒന്‍പത് വയസാണ്. ജീവിക്കാന്‍ വേണ്ടി പിന്നീട് അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ പോലും പണയപ്പെടുത്തേണ്ടി വന്നു. വളരെ ചെറിയ പ്രായത്തിലാണ് റഹ്മാന്‍ സംഗീതലോകത്തേക്കെത്തുന്നത്. 12 വയസിനും 22നു മിടയില്‍ ഒരുവിധം എല്ലാം ചെയ്തു തീര്‍ത്തിരുന്നു. പിന്നീട് സാധാരണ കാര്യങ്ങള്‍ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മടുപ്പായിരുന്നു. എനിക്കത് ചെയ്യേണ്ടായിരുന്നു.

ആയിടക്കാണ് കുടുംബസമേതം സൂഫിസത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിക്കുന്നത്‌. മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് സംഗീത സംവിധായകനായെത്തുമ്പോള്‍ അദ്ദേഹത്തിന് 20 വയസുപോലും തികഞ്ഞിട്ടില്ല.

ദിലീപ് കുമാര്‍ എന്ന എന്റെ ആദ്യത്തെ പേര് എനിക്കിഷ്ടമായിരുന്നില്ല. എന്റെ വ്യക്തിത്വത്തിനിണങ്ങുന്ന പേരല്ലെന്ന് എനിക്കു തോന്നിയിരുന്നു. അന്നൊക്കെ പുതിയൊരാളാവാനായിരുന്നു എനിക്ക് മോഹം. കഴിഞ്ഞ കാലത്തെയെല്ലാം ഉപേക്ഷിച്ചു കൊണ്ടുള്ള മാറ്റമായിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. റഹ്മാനോര്‍ക്കുന്നു.

A R Rahman about suicidal tendency

Sruthi S :