ദേശാന്തര ചർച്ചയായി ഈ. മ. യൗ!


ലിജോ ജോസ‌് പെല്ലിശ്ശേരിയുടെ ‘ ഈ.മ.യൗ’ ദേശങ്ങള്‍ക്കപ്പുറവും ചര്‍ച്ചയാകുന്നു. ടാന്‍സാനിയയില്‍ നടന്ന അന്താരാഷ‌്ട്ര ചലച്ചിത്രോത്സവത്തില്‍ മൂന്ന‌് പുരസ‌്കാരമാണ‌് ‘ഈ.മ.യൗ’ കരസ്ഥമാക്കിയത‌്. മികച്ച സംവിധായകനായി ലിജോ ജോസ‌് പെല്ലിശേരിയും നടനായി ചെമ്ബന്‍ വിനോദും തിരക്കഥാകൃത്തായി പി എഫ‌് മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു.

വിനോദ‌് കപ്രി തിരക്കഥയെഴുതി സംവിധാനംചെയ‌്ത പിഹു ആണ‌് മികച്ച ചിത്രം.ഇന്ത്യക്ക്‌ പുറമെ അഫ‌്ഗാനിസ്ഥാന്‍, ചൈന, ജര്‍മനി, ഇന്തോനേഷ്യ, കെനിയ, ഇറ്റലി, ഇറാന്‍, നൈജീരിയ, ഫിലിപ്പീന്‍സ‌്, തായ‌്‌ലന്‍ഡ‌്, തുര്‍ക്കി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സ‌്പെയിന്‍, ഉഗാണ്ട, സാംബിയ, എസ‌്റ്റോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളാണ‌് ചലച്ചിത്രോത്സവത്തില്‍ മത്സരിച്ചത‌്.

വ്യത്യസ‌്ത കാഴ‌്ചകളും സംഗീതവും നിശ്ശബ്ദതയും മനോഹരമായി ഇടകലര്‍ത്തി ലിജോ ജോസ‌് പെല്ലിശ്ശേരി സമ്മാനിച്ച പുത്തന്‍ സിനിമാനുഭവം പുരസ‌്കാരങ്ങള്‍ക്കൊപ്പം മികച്ച സാമ്ബത്തികവിജയവും നേടിയിരുന്നു. മികച്ച സംവിധായകനും സഹനടിക്കും (പോളി വില്‍സണ്‍), സൗണ്ട‌് ഡിസൈനുമുള്ള (രംഗനാഥ‌് രവി) സംസ്ഥാന പുരസ‌്കാരങ്ങളും ഈ.മ.യൗ നേടിയിരുന്നു. ഗോവന്‍ ചലച്ചിത്രോത്സവത്തിലും മികച്ച സംവിധായകനും നടനുമുള്ള പുരസ‌്കാരങ്ങള്‍ സിനിമക്ക‌് ലഭിച്ചു.


ea ma yau got international award in tanzania

HariPriya PB :