തൃഷയുടെയും പ്രേക്ഷകരുടെയും അപേക്ഷകൾ പാഴായി ; 96 ഇന്ന് ടെലിവിഷനിൽ ; 96 നെ തിയേറ്ററിൽ നിന്നും പുറന്തള്ളി സർക്കാർ വിജയിപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം …

തൃഷയുടെയും പ്രേക്ഷകരുടെയും അപേക്ഷകൾ പാഴായി ; 96 ഇന്ന് ടെലിവിഷനിൽ ; 96 നെ തിയേറ്ററിൽ നിന്നും പുറന്തള്ളി സർക്കാർ വിജയിപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം …

വെറും അഞ്ചാഴ്ച മാത്രമാണ് 96 റിലീസ് ചെയ്തിട്ടായുള്ളു. വലിയ പ്രേക്ഷക പിന്തുണയോടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ ഇന്നും പ്രദർശനം തുടരുകയാണ് 96 .എന്നാൽ ഇന്ന് ദീപാവലി ദിനത്തിൽ 96 ടീവിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സൺ ടി വി.

നായിക തൃഷയടക്കം നിരവധി സിനിമാപ്രേമികളുടെ അപേക്ഷകൾ തള്ളിയാണ് സൺ ടി വിയുടെ തീരുമാനം. ചിത്രത്തിന് കുറച്ചു കൂടി തിയേറ്റർ ‘ലൈഫ്’ കൊടുക്കണമെന്നും നിരവധിയേറെ പേർ ചാനലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യങ്ങളോ അപേക്ഷകളോ ഒന്നും ഗൗനിക്കാതെ ചാനൽ, ’96’ ഇന്ന് വൈകിട്ട് ടെലിവിഷൻ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.. റിലീസ് ചെയ്ത് ഒരു മാസം മാത്രം പൂർത്തിയായ വേളയിലാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയർ പ്രഖ്യാപിക്കപ്പെടുന്നത്. വിജയകരമായി ഓടി കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്ന അത്തരമൊരു തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന അപേക്ഷയുമായി ചാനലിന്റെ തീരുമാനത്തിനെതിരെ ഏറേപ്പേർ രംഗത്തുവന്നിരുന്നു.

ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചിത്രത്തിലെ നായിക തൃഷയും ആവശ്യപ്പെട്ടിരുന്നു. ചിത്രം റീലീസ് ചെയ്ത് വെറും അഞ്ചാഴ്ച മാത്രം ആയിരിക്കുമ്പോള്‍ തിയേറ്ററുകളില്‍ 80 ശതമാനത്തോളം പ്രേക്ഷകരുമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് തൃഷ പറഞ്ഞു. ഇത് ന്യായമല്ലെന്നും ചിത്രം പൊങ്കലിന് പ്രദര്‍ശിപ്പിക്കണമെന്നാണ് അപേക്ഷിക്കുന്നതെന്നും തൃഷ ട്വീറ്റ് ചെയ്തിരുന്നു. തൃഷയുടെ അപേക്ഷയോട് സണ്‍ ടിവി പ്രതികരിച്ചില്ലെന്നു മാത്രമല്ല, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. ദീപാവലി ദിന പ്രത്യേക സിനിമയായാണ് ’96’ പ്രദര്‍ശിപ്പിക്കുന്നത്.

സണ്‍ ടിവിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തിയിരുന്നു. നന്നായി തിയേറ്ററില്‍ ഓടുന്ന ചിത്രം സണ്‍ ടിവി എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. “തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ. നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,” പ്രേംകുമാര്‍ പ്രതികരിച്ചു.

സർക്കാരിന്റെ പ്രദര്ശനവകാശവും സൺ ടി വി ആണ് ഏറ്റെടുത്തിരിക്കുന്നത്. ടെലിവിഷനിൽ 96 എത്തിയാൽ തിയേറ്ററിൽ നിന്നും പുറത്താകും. ഇത് സർക്കാരിന് ഗുണം ചെയ്യുമെന്നാണ് ആളുകൾ ആരോപിക്കുന്നത്.

96 movie premier show in sun t v

Sruthi S :