രാധാ രവി നടത്തിയ വ്യക്തിഹത്യ, സിനിമാ ലോകത്ത് നിലനിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ച-ഡബ്ല്യൂ സി സി !

നയൻതാരയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ സി സി. നയൻതാരയ്‌ക്കെതിരെയുള്ള രാധ രവിയുടെ പരാമർശങ്ങൾക്കെതിരെ ശ്കതമായ വിമർശനവും ഡബ്ല്യൂ സി സി നടത്തി. രാധാ രവി  നടത്തിയ വ്യക്തിഹത്യ, സിനിമാ ലോകത്ത് നിലനിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു. 

ആർക്കു നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുള്ള ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കണമെന്നാണ് നയൻതാര നടികർ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഡബ്ല്യുസിസി ഇതേകാര്യം തന്നെയാണ് മലയാള സിനിമയിലെ സംഘടനകളോട് തങ്ങളും ആവശ്യപ്പെട്ടതെന്ന് കൂട്ടിച്ചേർത്തു. 

‘രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയിൽ ഈ ഭേദഗതി നിലവിൽ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവിൽ ഉള്ളത്. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിറ്റ് പെറ്റീഷനിൽ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്’, ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു. 

‘തങ്ങളുടെ ആശങ്കകൾക്ക് പരിഗണ നൽകാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പം,’ എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഡബ്ല്യുസിസി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

wcc against radharavi

HariPriya PB :