ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; വൈരമുത്തുവായി എത്തുന്നത് നടന്‍ വിശാല്‍

ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. ‘ഇളയരാജ’ എന്നാണ് ചിത്രത്തിന്റെ പേര്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജ തന്നെയാണ് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇളയരാജയുടെ ജീവിതത്തിലേക്കും സംഗീതയാത്രയിലേക്കും ആഴ്ന്നിറങ്ങുമെന്ന് വാഗ്ദാനം ചെയ്യുന്നു. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, സംവിധായകന്‍ മണിരത്‌നം, ഗാനരചയിതാവ് വൈരമുത്തു എന്നിവരുമായി ഇളയരാജ കരിയറില്‍ വലിയ ബന്ധം പുലര്‍ത്തിയിട്ടുണ്ട്.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ സിലംബരശന്‍ എ ആര്‍ റഹ്മാന്‍ ആയി വരുമെന്ന് പറയപ്പെടുന്നുണ്ട്. മാധവന്‍ മണിരത്‌നമായും വൈരമുത്തുവായി വിശാലും എത്തുമെന്നാണ് വിവരം.

ഏറ്റവും മികച്ച സംഗീതസംവിധായകരില്‍ ഒരാളായ ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന പഴയ കാലഘട്ടവും ചിത്രീകരിക്കും. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് അദ്ദേഹത്തിന്റേത്.

1,000ലധികം സിനിമകള്‍ക്കായി 7,000ലധികം ഗാനങ്ങള്‍ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പത്മഭൂഷണും 2018ല്‍ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

Vijayasree Vijayasree :