മകൻ ആയത് കൊണ്ടുള്ള യാതൊരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് ; വിനീത് ശ്രീനിവാസൻ

ഗായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും വിജയം കണ്ട, ദ കംപ്ലീറ്റ് സിനിമാക്കാരനാണ് വിനീത് ശ്രീനിവാസന്‍. മലയാള സിനിമയിലെ ഹേറ്റേഴ്സില്ലാത്ത തരാമെന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള താരംകൂടിയാണ് വിനീത് ശ്രീനിവാസൻ. പാട്ടുകാരനായെത്തി നടനായും സംവിധായകനായും തിരക്കഥാകൃത്തയുമെല്ലാം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു വിനീത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാൻ വിനീതിന് സാധിച്ചു. താരപുത്രനായത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള പ്രവേശനം വിനീതിന് പൊതുവെ എളുപ്പമായിരുന്നു. എന്നാൽ ഈ യാത്രയിൽ ഒരിക്കൽ പോലും അച്ഛൻ ശ്രീനിവാസന്റെ ഒരു സഹായവും വിനീതിന് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

തന്റെ മകൻ ആയത് കൊണ്ടുള്ള യാതൊരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. പുതിയ ചിത്രമായ കുറുക്കന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മിഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. തന്റെ ഒരു സഹായവും പ്രതീക്ഷിക്കണ്ട എന്ന് കൂടുതൽ കേട്ടിട്ടുള്ളത് ധ്യാൻ ആണെന്നും വിനീത് പറയുന്നുണ്ട്.ഉദയനാണ് താരം സിനിമയിൽ എന്നെ കൊണ്ട് പാട്ട് പാടിക്കണമെന്ന് റോഷൻ ചേട്ടൻ(റോഷൻ ആൻഡ്രൂസ്) പറഞ്ഞു. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്. നീ ഈ സിനിമയിൽ പാടണ്ട എന്നാണ്. അച്ഛനും കൂടി ചെയ്യുന്ന സിനിമ ആയതിനാൽ, അങ്ങനെ അവസരം കിട്ടിയത് ആണെന്ന് ആളുകൾക്ക് തോന്നുമെന്നാണ് പറഞ്ഞത്. പക്ഷെ അച്ഛൻ അറിയാതെ ഞാൻ ആ പാട്ട് പാടി. റെക്കോഡ് ചെയ്ത ശേഷം അച്ഛനെ കൊണ്ട് ചെന്ന് റോഷൻ പേട്ടൻ പാട്ട് കേൾപ്പിച്ചു. പിന്നീടാണ് അച്ഛൻ സമ്മതിച്ചത്’, വിനീത് പറയുന്നു.
‘അച്ഛൻ ചെറുപ്പം മുതലേ തന്റെ പേരിലുള്ള ഒരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് കുറച്ച് ഹാർഷായി കേട്ടിട്ടുള്ളത് ധ്യാൻ തന്നെയാണ്. എന്നോടും അക്കാര്യം പറഞ്ഞിട്ടുണ്ട്. ആകെ കൂടെ അച്ഛന്റെ ഒരു ഹെൽപ് ഞാൻ വാങ്ങിയത് ഒരു സി.ഡി എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ എത്തിക്കാനാണ്. എനിക്ക് പടാൻ അവസരം കണ്ടെത്താനായി കുറച്ചു പാട്ടുകളൊക്കെ പാടി, ഒരു ഡെമോ സി.ഡി ഞാൻ ഉണ്ടാക്കിയിരുന്നു’,

‘അതൊന്ന് എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ എത്തിക്കാൻ നടൻ റഹമാന്റെ അടുത്ത് എത്തിക്കുമോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. എനിക്ക് പരിചയം ഇല്ലാത്തത് കൊണ്ടായിരുന്നു. പരിചയപ്പെടുത്തിയാൽ മാത്രം മതി എന്നാണ് പറഞ്ഞത്. അങ്ങനെ അതിന് വേണ്ടി അച്ഛൻ എന്റെ കൂടെ വന്നിട്ടുണ്ട്. പിന്നീട് ഒരു തവണ അക്ഷയ് ഖന്നയെ കാണണം എന്ന് പറഞ്ഞപ്പോഴും കൂടെ വന്നിട്ടുണ്ട്. ഇത് രണ്ടുമല്ലാതെ വേറെ ഒരു കാര്യത്തിനും അച്ഛൻ വന്നിട്ടില്ല’, വിനീത് പറയുന്നു.

അതേസമയം, ജൂലൈ 27 നാണ് കുറുക്കൻ തിയേറ്ററിൽ എത്തുന്നത്. വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫൺ ഇൻവെസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ശ്രീനിവാസനും വിനീതിനും പുറമെ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

AJILI ANNAJOHN :