മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു ചാന്തുപൊട്ട്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രത്തിന്റെ കഥയും അവതരണവുമൊക്കെ വ്യത്യസ്തമായിരുന്നു. എന്നാൽ ട്രാൻസ്‌ജെൻഡറായ ആളുകളുടെ ജീവിതം പറയുകയാണെന്ന രീതിയിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിമർശനത്തിന് കാരണമായി. തങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ചാന്തുപൊട്ട് വന്നതെന്ന് പലരും ആരോപിച്ചു.
ഇപ്പോഴിതാ അത് സത്യമാണെന്ന് പറയുകയാണ് സംവിധായകൻ വിജു വർമ്മ. ട്രാൻസ്‌ജെൻഡറുടെ കഥ പറഞ്ഞ ഓടും രാജ ആടും റാണി എന്ന സിനിമയുടെ സംവിധായകനാണ് വിജു. പക്ഷേ തന്റെ സിനിമ വിചാരിച്ചത് പോലെ ഹിറ്റായില്ലെന്നും അതിന്റെ കാരണത്തെ കുറിച്ചുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സംവിധായകൻ പറയുന്നത്. ഓടും രാജ ആടും റാണി എന്ന സിനിമയിലേക്ക് നായകനായി ബിജു മേനോനെ നോക്കിയിരുന്നു.
പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്ക് വേണ്ടി എത്ര വർഷം ഞാൻ നടന്നുവെന്ന് അറിയാമോ? ആദ്യം കഥ കേട്ട് അംഗീരിച്ച സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം ഞാൻ നടന്നിട്ടുണ്ട്. അതിപ്പോൾ പുള്ളി പോലും ഓർമ്മിക്കുന്നുണ്ടാവില്ല. കാരവൻ ടു കാരവൻ യാത്ര ചെയ്യുക എന്നല്ലാതെ ഇതൊന്നും വർക്ക് ആയില്ല. അതുകൊണ്ട് വെല്ലുവിളിയായി ഏറ്റെടുത്താണ് ടിനി ടോമിനെ നായകനാക്കുന്നത്. ഇന്ന് കാലം മാറി. സിനിമയാണ് വലുത്, അന്ന് താരമാണ് താരം. കാലം തെറ്റി ഇറങ്ങിയ പടമാണെന്നാണ് എല്ലാവരും അതിനെ കുറിച്ച് എന്നോട് പറയാറുള്ളത്.
ഇപ്പോഴായിരുന്നെങ്കിൽ അത് ഹിറ്റാവുമായിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. അതിന് മുകളിൽ ചില കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ഓസേപ്പച്ചൻ വഴി ലാൽ ജോസ് ഈ സിനിമയെ കുറിച്ചറിഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. പക്ഷെ വേറൊരു പടം പരാജയപ്പെട്ടതിനാൽ പണം ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ല. എൽജെ ഫിലിംസ് എന്ന ബ്രാൻഡ് ഉപയോഗിച്ചോളാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ നിർമാതാവിന് അത് യോഗ്യമായിരുന്നില്ല. പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഷാജി പട്ടിക്കര ആദ്യമായി ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നു എന്ന് പറഞ്ഞ് പുള്ളി അതേറ്റെടുത്തു.
അതും സിനിമയുടെ പരാജയത്തിന് കാരണമായി. കാരണം പടം ഇറങ്ങിയിട്ട് പോലും അതിന്റെ പോസ്റ്റർ പുറത്ത് വന്നിട്ടില്ല. ഒട്ടും പ്രൊഫണൽ അല്ലാതെയാണ് ചെയ്തത്. അന്ന് ട്രാൻസ് ജെൻഡേഴ്‌സിന് കൂടെ പ്രധാന്യം കൊടുത്ത് അവരിലൂടെയും പ്രൊമോഷൻ ചെയ്യാമായിരുന്നു. അതുണ്ടായില്ല. ഏതൊക്കെയോ ഉച്ച പടം കളിക്കുന്നത് പോലെ ഈ സിനിമയും തിയേറ്ററിൽ വന്ന് പോയി. ചാന്തുപൊട്ടിൽ ദിലീപ് ചെയ്തത് എല്ലാവരും മനസിൽ നിൽക്കുന്നുണ്ട്.
പക്ഷേ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ജീവിതാവസ്ഥയെ വളരെ വികലമായട്ടാണ് അതിൽ അവതരിപ്പിച്ചത്. അവരെ ചാന്തുപൊട്ടെന്ന് എല്ലാവരും വിളിക്കാൻ കാരണമെന്താണ്, അത് ദിലീപാണ്. അങ്ങനൊരു സിനിമ വന്നപ്പോൾ ഇത് ഭയങ്കരമായി പൊതുവായി മാറി. പണ്ടൊക്കെ മറഞ്ഞും തെളിഞ്ഞും വിളിച്ചവരാണെങ്കിൽ പബ്ലിക്കായി പരിഹാസിക്കാൻ തുടങ്ങി. അതിന്റെ വിജയപരാജയങ്ങൾ മറ്റൊരു വശമാണ്. ട്രാൻസ്‌ജെൻഡർമാരെ മോശമായി ചിത്രീകരിക്കുകയാണ് പല സിനിമകളും ചെയ്തിട്ടുള്ളത്.
ചാന്തുപൊട്ട് അവർക്ക് സന്തോഷം കൊടുത്തില്ല. കാരണം ദിലീപ് ചെയ്തതൊക്കെ അവരെ പരിഹസിക്കുന്നത് പോലെയാണ്. അവർ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ് എന്നും വിജു പറയുന്നു. അതേസമയം, ടിനി ടോമിനെ നായകനാക്കി വിജു വർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓടും രാജ ആടും റാണി. മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് കഥയൊരുക്കിയതും മണികണ്ഠൻ തന്നെയാണ്. ശ്രീലക്ഷ്മി ശ്രീകുമാറാണ് ചിത്രത്തിലെ നായിക ആയി എത്തിയിരുന്നത്.
ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപിനെ കൂടാതെ ഗോപിക, ലാൽ, ഭാവന, ഇന്ദ്രജിത്, രാജൻ പി. ദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മുമ്പ് തന്റെ സഹപാഠിയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ചാന്തുപൊട്ടിലെ കഥാപാത്രത്തെ എഴുതിയതെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞിട്ടുണ്ട്. ചാന്തുപൊട്ടിലെ കഥാപാത്രം ട്രാൻസ്ജെൻഡർ അല്ലെന്നും പെൺകുട്ടിയെപോലെ വളർത്താൻ ശ്രമിച്ചതുകൊണ്ട് അറിയാതെ സ്‌ത്രൈണത വന്നതാണെന്നും അദ്ദേഹം പറഞ്ഞത്.
താൻ ഉദ്ദേശിച്ചതുപോലെയല്ല സിനിമക്ക് പുറത്തേക്ക് ആ കഥാപാത്രം വന്നതെന്നും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണതെന്നും ബെന്നി കൂട്ടിച്ചേർത്തു. പലരും പരിഹസിക്കാനായി ആ കഥാപാത്രത്തെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വ്യക്തിപരമായി വിഷമമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ചാന്തുപൊട്ടിലെ കഥാപാത്രം എന്റെ കൂടെ എട്ടാം ക്ലാസിൽ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ച എന്റെ സഹപാഠിയായിരുന്നു. അവന് കുറച്ച് സ്‌ത്രൈണത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെല്ലാം അവനെ കളിയാക്കും. അത് കേൾക്കുമ്പോൾ അവന് പലപ്പോഴും ദേഷ്യം വരുമായിരുന്നു. പലപ്പോഴും അവൻ ക്ലാസിൽ വരാതെയായി.
അങ്ങനെ കുറേകാലം കഴിഞ്ഞ് ഞാൻ അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ മാനസികനില തെറ്റി വീട്ടിൽ തന്നെ ചങ്ങലക്കിട്ടേക്കുകയാണെന്ന് അറിഞ്ഞു. ആ ഒരു വേദന മനസിൽ കിടന്നതിൽ നിന്നാണ് പിന്നീട് ഞാൻ ചാന്തുപൊട്ടിന്റെ കഥ എഴുതുന്നത്. നാടകരൂപത്തിലാണ് ഞാൻ ആ കഥ ആദ്യം എഴുതിയത്. അറബിക്കടലും അത്ഭുതവിളക്കും എന്ന പേരിൽ ഞാൻ അതിനെ ആദ്യം നാടകമാക്കി ഞാനും രാജേട്ടനും അതിലഭിനയിച്ചു. സത്യം പറഞ്ഞാൽ അതൊരു ട്രാൻസ്ജെൻഡർ കഥാപാത്രമല്ല.
വളർത്ത് ദോഷംകൊണ്ട് അല്ലെങ്കിൽ ഒരു പെൺകുട്ടിയെപോലെ വളർത്താൻ ശ്രമിച്ചതുകൊണ്ട് അറിയാതെ സ്‌ത്രൈണത അയാളിൽ കടന്ന് കൂടുകയും അയാൾ പുരുഷനാണെന്ന് തെളിയിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ്. അയാൾക്ക് ഒരു കുട്ടിയെല്ലാം ജനിക്കുന്നുണ്ട്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണത്. സിനിമക്ക് പുറത്തേക്ക് ആ കഥാപാത്രം വന്നപ്പോൾ അവരെ നോക്കികണ്ടത് വേറെ രീതിയിലാണ്, പരിഹസിക്കപ്പെടുന്ന രീതിയിലാണ്. അത് പലപ്പോഴും വ്യക്തിപരമായി എനിക്ക് ദുഃഖമുണ്ടാക്കിയിട്ടുണ്ട്. പല വേദിയിലും ഞാനത് തുറന്ന് പറഞ്ഞിട്ടുമുണ്ടെന്നും ബെന്നി പി. നായരമ്പലം പറഞ്ഞിരുന്നു.
അതേസമയം, ‘ചാന്തുപൊട്ട്’ എന്ന സിനിമ ട്രാൻസ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമർശനത്തോട് സംവിധായകൻ ലാൽ ജോസും പ്രതികരിച്ചിരുന്നു. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണൻ ട്രാൻസ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും പറഞ്ഞ ലാൽ ജോസ്, സിനിമയുടെ പേരിൽ പാർവതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും കൂട്ടിച്ചേർത്തു. പാർവതിയുടെ നടപടി ശുദ്ധ ഭോഷ്‌ക്കാണെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.
വ്യക്തിജീവിതത്തെ ഒരു തരത്തിലും സിനിമ സ്വാധീനിക്കുന്നില്ലെന്ന് അവകാശപ്പെട്ടവർക്കായി സ്വന്തം ജീവിതത്തിൽനിന്ന് ഉദാഹരണങ്ങൾ നിരത്തി മുഹമ്മദ് ഉനൈസ് എന്ന യുവാവ് 2017ൽ സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിനോട് പ്രതികരിക്കവെയാണ് പാർവതി ഖേദപ്രകടനം നടത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ട്’ എന്ന സിനിമ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വേദനകളെക്കുറിച്ചായിരുന്നു ഉനൈസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പ്.
ട്യൂഷനിൽ മലയാളം അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരുന്നതിനിടയിൽ എന്നെ ചൂണ്ടിക്കാട്ടി ഇവൻ പുതിയ സിനിമയിലെ ചാന്തുപൊട്ട് പോലെയാണന്ന് പറഞ്ഞപ്പോൾ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടെയും ആ അട്ടഹാസച്ചിരിയിൽ എനിക്കനുഭവപ്പെട്ടത് നെഞ്ചിൻകൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോടെ ആ ട്യൂഷൻ നിർത്തി.എന്നാൽ ആ വിളിപ്പേര് ട്യൂഷനിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയർ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററിൽനിന്ന് പോയെങ്കിലും ‘ചാന്തുപൊട്ട്’ എന്ന വിളിപ്പേര് നിലനിർത്തിത്തന്നു.
(ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ലുകിട്ടിയ ആളുകളെ ഒരുപാട് വർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്),” എന്നായിരുന്നു ഉനൈസ് കുറിച്ചത്. ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കൾ ധീരമായി മറികടന്നു. ഈ വേദന നിങ്ങൾക്ക് നൽകിയതിന് എന്റെ ഇൻഡസ്ട്രിയ്ക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും.’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ പാർവതിക്കു നേരെ ആൺക്കൂട്ട ആക്രമണങ്ങൾ നടന്നപ്പോൾ, സിനിമ സമൂഹത്തെ സ്വാധീനിക്കും എന്ന് സമർഥിച്ച് ഞാനെഴുതിയത് ആ അനുഭവങ്ങൾ തന്നെയായിരുന്നു. അന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
വർഷങ്ങൾക്ക് ശേഷവും ആ സിനിമ ഉണ്ടാക്കിയ പ്രത്യാഘതങ്ങൾ ഒഴിഞ്ഞിട്ടില്ല. ആ സിനിമ ഞങ്ങൾക്ക് ഉണ്ടാക്കിവെച്ച ദുരിതത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ലാൽജോസിന് കൈയൊഴിയാൻ കഴിയില്ല. വൈകിയാണെങ്കിലും താങ്കളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് ഒരു ക്ഷമാപണം ഞങ്ങൾ അർഹിക്കുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, ആ സിനിമക്ക് പ്രശ്നമില്ലെന്ന് താങ്കൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
ആ സിനിമ വേട്ടയാടിയ, മുറിവേൽപ്പിച്ച മനുഷ്യരോട് പാർവതി അന്ന് ഐക്യപ്പെട്ടു ട്വീറ്റ് ചെയ്തിരുന്നു. സിനിമ ഇത്രയും കാലം അവഗണിച്ച, നോവിച്ച, കാണികൾക്കിടയിൽ ചിരി പടർത്താൻ വേണ്ടി മാത്രം ഉപയോഗിക്കപെട്ട ഞങ്ങൾ മനുഷ്യരോട് അവർ അന്ന് ഐക്യപ്പെട്ടതിനെ ഇന്ന് താങ്കൾ ‘ഭോഷ്‌ക്ക്’ എന്ന് വിലയിരുത്തി കണ്ടു! ഞങ്ങളോട് ക്ഷമാപണം നടത്താൻ തയ്യാറാകാതിരിക്കുകയും ഐക്യപ്പെടുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന താങ്കളുടെ മനോഭാവത്തെക്കുറിച്ചോർത്ത് കഷ്ടം തോന്നുന്നുവെന്നായിരുന്നു ഉനൈസ് ഇതിനോട് പ്രതികരിച്ചിരുന്നത്.