പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നേരിടേണ്ടി വരും; 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിജയ് ദേവരകൊണ്ട

ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് ദേവരകൊണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു . ഇപ്പോഴിതാ ഇഡി ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് നടൻ വിജയ് ദേവരകൊണ്ട. ‘ലൈഗര്‍’ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിലാണ് നടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നടൻ. ജീവിതത്തിലെ ഒരു വലിയ അനുഭവമായിരുന്നുവെന്നും ഇനി അവർ തന്നെ വിളിക്കില്ലെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം വിജയ് പ്രതികരിച്ചത്.

എന്റെ കടമയാണ് ഞാൻ ചെയ്തത്. അവർ അവരുടെ ജോലി ചെയ്തു. അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നേരിടേണ്ടി വരും. ഇത് ജീവിതത്തിലെ ഒരു അനുഭവമായി കാണുന്നു. എന്നോട് ഒരിക്കൽകൂടി വരണം എന്ന് അവർ പറഞ്ഞിട്ടില്ല’, വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫെമ നിയമം ലംഘിച്ച് വിദേശ സ്രോതസ്സിൽ നിന്ന് ലൈഗർ സിനിമയ്ക്കു വേണ്ടി പണം സ്വീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 12 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. നേരത്തേ, ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥ്, നിർമാതാവ് ചാർമി കൗർ എന്നിവരേയും ഇഡി ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിലേക്ക് പണം നൽകിയെന്നായിരുന്നു കോൺഗ്രസ് നേതാവ് ബക്ക ജൂഡ്സൺ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. 125 കോടി ബജറ്റിൽ നിർമിച്ച ചിത്രം വിജയിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം എന്ന രീതിയിലായിരുന്നു വിവിധ ഭാഷകളിൽ പുറത്തിറങ്ങിയത്. എന്നാൽ വൻ പരാജയമായിരുന്നു തിയേറ്ററിൽ സിനിമ നേരിട്ടത്.

AJILI ANNAJOHN :