“‘ചലനം ചലനം’ ചിത്രീകരിച്ചപ്പോൾ ഞാൻ അനുഭവിച്ച പേടി;അതെന്നെ അത്രക്ക് ഭയപ്പെടുത്തി ” -എട്ടു വര്ഷങ്ങള്ക്കു ശേഷം വിദ്യ ബാലൻ വെളിപ്പെടുത്തുന്നു

“‘ചലനം ചലനം’ ചിത്രീകരിച്ചപ്പോൾ ഞാൻ അനുഭവിച്ച പേടി;അതെന്നെ അത്രക്ക് ഭയപ്പെടുത്തി ” -എട്ടു വര്ഷങ്ങള്ക്കു ശേഷം വിദ്യ ബാലൻ വെളിപ്പെടുത്തുന്നു

എട്ടു വർഷങ്ങൾക്കു മുൻപ് പ്രിത്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ ചെയ്ത ചിത്രമാണ് ഉറുമി. പ്രഭു ദേവ, ജെനീലിയ ഡിസൂസ, നിത്യാ മേനന്‍, ആര്യ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ‘ഉറുമി’യില്‍ മലയാളിയായ ബോളിവുഡ് താരം വിദ്യാ ബാലന്‍ ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിച്ചിരുന്നു.

‘ചലനം ചലനം’ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമാണ്‌. ചിത്രം ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ഗാന രംഗത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍. നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ നിപുണനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പേടിയായിരിന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസനം താന്‍ ‘നേര്‍വസ്’ ആയിരുന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

“2010ല്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രത്തില്‍ ‘ചലനം ചലനം’ എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവല്‍ ചളിയുമായിരുന്നു. അതിനെക്കുറിച്ച് ഓര്‍മ്മയില്‍ വരുന്ന കാര്യം എന്തെന്നാല്‍ ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയും ‘നെര്‍വസ്നെസും’ ആയിരുന്നു. എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചായിരുന്നു അത്. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്‌. ‘ഞാന്‍ നൃത്ത ചെയ്തത് മോശമല്ലല്ലോ’ എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം ഇപ്പോള്‍ എന്നില്‍ ഉളവാക്കുന്നത്. നമുക്ക് നമ്മളെക്കുറിച്ച് തന്നെയുള്ള മോശം അഭിപ്രായങ്ങളെ കരുണയോടെയും സ്നേഹത്തോടെയും ഭേദമാക്കാനുള്ള കഴിവ് കാലത്തിനുണ്ട്. പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട്, ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്”, വിദ്യാ ബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

vidya balan about urumi movie song

Sruthi S :