എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ് പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം; ഷഫീർ സേട്ടിന് അനുശോചനം രേഖപ്പെടുത്തി ആളൊരുക്കം സംവിധായകൻ !!!

shafeer sait

അന്തരിച്ച നിര്‍മ്മാതാവ് ഷഫീര്‍ സേഠ് ന് അനുശോചനം രേഖപ്പെടുത്തി വി സി അഭിലാഷ്. ആളൊരുക്കം സിനിമയ്ക്ക് ഒരു തടസ്സമായി വന്ന ഇക്ക പിന്നീട് ഹൃദയത്തിലേക്ക് ചേക്കേറിയ സൗഹൃദത്തിന്റെ കഥ പറഞ്ഞു കൊണ്ടാണ് അഭിലാഷ് അനുശോചനം രേഖപ്പെടുത്തിയത്. ആളൊരുക്കം സിനിമയുടെ സംവിധായകനാണ് വി സി അഭിലാഷ്.

v c ahilash

ഷഫീർ സേട്ടിന്റെ അന്ത്യം ഇന്നു പുലര്‍ച്ചെ രണ്ടുമണിക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

അഭിനേതാവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ആളാണ് ഷഫീര്‍ സേഠ്.

വി സി അഭിലാഷിന്റെ പോസ്റ്റ്

ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോൾ ഉള്ളിൽ ഒരു മരവിപ്പാണ് തോന്നുന്നത്.

എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.

ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകൾ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ഇന്ദ്രൻസേട്ടന്റെ ഡേറ്റുകൾക്കനുസരിച്ചാണ് ഞാൻ ചിത്രീകരണ തീയതികൾ തന്നെ മുൻകൂട്ടി തീരുമാനിച്ചതും. ഇപ്പോൾ ചിത്രീകരണം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ ‘NO’യ്ക്ക് മറുപടി നൽകാതെ ഈർഷ്യയോടെ അന്നദ്ദേഹം ഫോൺ വച്ചു.

പിന്നീട്, ആളൊരുക്കം പൂർത്തിയായി, ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന്  വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.

കമ്മാരസംഭവത്തിന് ഇന്ദ്രൻസേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താൽ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരിൽ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സിനിമയെ തകർക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.

ഈ കുറിപ്പ് വായിച്ച് വിവേകിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാൻ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കൽ നേരിൽ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങൾ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.

പക്ഷേ ഞങ്ങൾ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.

പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് യാത്രാമൊഴി നേരുന്നു.

v c abhilash condolence to shafeer sait

HariPriya PB :