തൃഷ്യുടെ പരാതി; മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

തമിഴ് നടി തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എവി രാജുവിനെതിരെ പരാതി നല്‍കുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. നടന്‍ വിശാലടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും തൃഷയ്ക്ക് പിന്തുണയുമായി വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ രാജുവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി അറിയിച്ചിരിക്കുകയാണ് തൃഷ. എക്‌സിലൂടെ രാജുവിന് അയച്ച നോട്ടീസിന്റെ ചിത്രങ്ങളും നടി പങ്കുവച്ചു. തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോര്‍ട്ടുകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയില്‍ സമാനമായ പരാമര്‍ശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതല്‍ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ എവി രാജു തൃഷയോട് നിരുപാധികം മാപ്പ് പറയണ മെന്നും, അഞ്ചു ലക്ഷത്തിലധികം സര്‍ക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടതെന്നും, യുട്യൂബില്‍ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു.

നോട്ടീസിലെ ആവശ്യങ്ങള്‍ പാലിക്കാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി. മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

രാജുവിന്റെ ആരോപണത്തിന് ആരാധകരില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. സംവിധായകന്‍ ചേരന്‍, നടന്‍ വിശാല്‍, ചലച്ചിത്ര നിര്‍മ്മാതാവ് സെല്‍വമണി തുടങ്ങി നിരവധി പ്രമുഖര്‍ തൃഷയെ പിന്തുണച്ചും രാജുവിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തി.

Vijayasree Vijayasree :