ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് തുടരും. നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. ഷണ്മുഖം എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം.
ഏറെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന, നാട്ടുകാരുമായി വളരെയടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന, ഏറെ പ്രിയപ്പെട്ടവനായ ഒരു കഥാപാത്രമാണിത്. എന്നാൽ കുടുംബസ്ഥനായ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ നീങ്ങുന്നത്.

ഏറെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാൽ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 15 വർഷങ്ങൾക്കുശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഇവരെ കൂടാതെ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രം കൂടിയാണിത്. സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. കെ.ആർ. സുനിലിൻ്റെ കഥയ്ക്ക് അദ്ദേഹവും തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം -ജയ്ക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണുഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്, കലാ സംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്.