കാഴ്ചശക്തി നഷ്ടപ്പെട്ടവർക്ക് ലഭിച്ച ഏറ്റവും വലിയ ഉപഹാരമാണ് ദി സൗണ്ട് സ്റ്റോറി !

ട്രെയ്‌ലർ കണ്ടു ഡോക്യുമെന്ററി പ്രതീക്ഷിച്ചാണ് പലരും ദി സൗണ്ട് സ്റ്റോറി കാണാൻ തിയേറ്ററിൽ എത്തിയത്. തൃശൂർ പൂരം പോലൊരു വലിയ സംഭവം എങ്ങനെ സിനിമായായി മുഷിപ്പിക്കാതെ ഒരുക്കും എന്നായിരുന്നു പലരും ചിന്തിച്ചത് . എന്നാൽ അതൊരു തോന്നൽ മാത്രമായിരുന്നെന്നു ആദ്യ ദിനം തന്നെ ദി സൗണ്ട് സ്റ്റോറി വ്യക്തമാക്കി കൊടുത്തു.

തൃശൂർ പൂരക്കാലമെടുക്കുമ്പോൾ ഇരിപ്പുറയ്ക്കാതെ നാട്ടിലേക്ക് പുറപ്പെട്ടു വരുന്ന വിദേശത്തുള്ള സ്വന്തം അപ്പനെ നാട്ടിലേക്ക് വരുത്താതിരിക്കാൻ തൃശൂർക്കാരനും ബിസിനനെസ്സുകാരനുമായ ജോർജേട്ടൻ തൃശൂർ പൂരം റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുന്നയിടത്താണ് സിനിമ തുടങ്ങുന്നത്. ആ പ്രോജെക്ടിലേക്കു റസൂൽ പൂക്കുട്ടിയും ചേരുന്നതോടെ കഥയ്ക്ക് മുറുക്കം വരുകയാണ്. ചില്ലറ ഈഗോ ക്ലാഷുകളുടെയും ചില തെറ്റിധാരണകളുടെയും പേരിൽ ജോർജേട്ടനും റസൂലും തമ്മിൽ അകലുകയാണ്.

പൂരം പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനൊരുങ്ങുന്ന റസൂൽ പൂക്കുട്ടി അന്ധനായ സംഗീത സംവിധായകൻ അഫ്സലിന്റെ സ്നേഹ നിർബന്ധത്തിനു വഴങ്ങി ഒരു കൂട്ടം അന്ധ സാഹിദരന്മാരുടെ കൂട്ടായ്മയിലേക്ക് എത്തിപ്പെടുകയാണ്.

“ഞങ്ങളൊക്കെ കാത് കൊണ്ട് കാണുന്നവരാ സാറേ… ചെറുപ്പം മുതലേ ഈ പൂരവും മേളവുമൊക്കെ കാണണം എന്നാഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാറിന്റെ കാതുകൾ ഞങ്ങളുടെ കണ്ണുകളായി മാറുകയാണെങ്കിൽ കാഴ്ചശക്തി ഇല്ലാത്തവർക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ ഉപഹാരമായിരിക്കും അത്”
ഈ വാക്കുകൾ റസൂലിൽ പുതിയൊരു ഊർജം നിറയ്ക്കുകയാണ്. സ്വന്തം ചിലവിൽ പൂരം റെക്കോർഡിങ് പൂർത്തിയാക്കാൻ തീരുമാനിക്കുന്ന റസൂലിനെയാണ് പിന്നെ നമ്മൾ കാണുന്നത്.
നല്ല മനുഷ്യർക്കൊപ്പം അവരുടെ നന്മയുള്ള ആഗ്രഹങ്ങൾക്കൊപ്പം മറ്റുള്ളവരും അറിയാതെ പങ്കുചേരും എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ സിനിമ നമ്മളെ കാണിച്ച് തരുന്നു.

പൂരത്തിന്റെ മേളകൊഴുപ്പിൽ നമ്മുടെ കാതുകളിൽ പെടാതെ പോകുന്ന ചെറു ശബ്ദം പോലും സൗണ്ട് സ്റ്റോറിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ റസൂൽ പൂക്കുട്ടി പൂർത്തിയാക്കുന്ന പൂരത്തിന്റെ ശബ്ദ മിശ്രണം ആസ്വദിക്കുന്ന അന്ധരായവരോടൊപ്പം തീയേറ്ററിൽ ഇരിക്കുന്ന നമ്മളും അവരിലൊരാളായി മാറുമ്പോൾ വല്ലാത്തൊരു ഇമോഷണൽ പിരിമുറുക്കത്തിൽ റസൂൽ കണ്ടെത്തുന്ന ഒരു കാര്യം നമ്മുടെ ഹൃദയത്തിൽ അലയടിക്കും.”കാഴ്ചയുള്ളവർ ആദ്യം കണ്ടതിനു ശേഷം അനുഭവിക്കുന്നു കാഴ്ചയില്ലാത്തവർ ആദ്യമേ അനുഭവിക്കുന്നു”.തീർച്ചയായും ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന പണം നഷ്ടമാവില്ല എന്ന് ഉറപ്പാണ്.

the sound story movie theater experiences

Sruthi S :