സ്വന്തം വൈരൂപ്യത്തെ കച്ചവടമാക്കി ഒടുവിൽ മരണത്തിനു ശേഷവും പ്രദർശന വസ്തുവായി ബാക്കിയായി ;മരണ ശേഷം 150 വര്ഷങ്ങള്ക്കു ശേഷം മറവു ചെയ്യപ്പെട്ട ജൂലിയ പാസ്ട്രാന എന്ന ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയുടെ കഥ …

സ്വന്തം വൈരൂപ്യത്തെ കച്ചവടമാക്കി ഒടുവിൽ മരണത്തിനു ശേഷവും പ്രദർശന വസ്തുവായി ബാക്കിയായി ;മരണ ശേഷം 150 വര്ഷങ്ങള്ക്കു ശേഷം മറവു ചെയ്യപ്പെട്ട ജൂലിയ പാസ്ട്രാന എന്ന ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയുടെ കഥ …

ലോകത്ത് ഒട്ടേറെ ജനനങ്ങളും മരണങ്ങളും വലിയ വാർത്തയായി ഭവിക്കാറുണ്ട്. ജീവിതം തന്നെ സംഭവബഹുലമായ ആളുകൾ പക്ഷെ ചുരുക്കമാണ്. അത്തരത്തിൽ ഒരാളാണ് ജൂലിയ പാസ്ട്രാന. സ്വന്തം രൂപമാ കണ്ടു ഭയന്ന് ജീവിച്ച തനറെ വൈരൂപ്യത്തെ കച്ചവടച്ചരക്കാക്കി മാറ്റിയ ജൂലിയ പാസ്ട്രാന. ഒട്ടേറെ സംഭവ വികാസങ്ങൾക്കൊടുവിൽ ആണ് ജൂലിയ പാസ്ട്രാനയുടെ മരണം. പക്ഷെ 157 വര്ഷങ്ങള്ക്കു മുൻപ് മരിച്ച ഇവരുടെ ശരീരം മറവു ചെയ്തത് 2013 ലാണ്. ആ ജീവിതം ഇങ്ങനെയാണ്.

മെക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834 മാര്‍ച്ച് 25നായിരുന്നു ജൂലിയ പാസ്ട്രാന ജനിച്ചത് . മുഖവും ശരീരമാസകലവും കറുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. ചെവികളും മൂക്കും അസാമാന്യ വലുപ്പമുള്ളതായിരുന്നു. ക്രമം തെറ്റിയ രണ്ടു വരി പല്ലുകള്‍. തടിച്ചു വീര്‍ത്ത ചുണ്ടും മോണയും. വൈദ്യശാസ്ത്രം ‘ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ്’ എന്നും ‘ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ’ എന്നും പേരിട്ടു വിളിച്ച അത്യപൂര്‍വ രോഗമായിരുന്നു ഈ രൂപത്തിന് കാരണം. അലക്‌സാണ്ടര്‍ ബി മോട്ട് എന്ന ഡോക്ടര്‍, ‘മനുഷ്യനും ഒറാങ് ഉട്ടാനും തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്‍…’ എന്ന ജനന സര്‍ട്ടിഫിക്കറ്റാണ് പാസ്ട്രാനയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. ക്ലീവ്‌ലാന്‍ഡിലെ ഡോ. എസ്. ബ്രെയ്‌നിഡ് പറഞ്ഞത് ഇത് വേറിട്ടൊരു വര്‍ഗമാണെന്നാണ്. അങ്ങനെ വൈദ്യശാസ്ത്രം പല പല വിശേഷണങ്ങള്‍ ജൂലിയയ്ക്ക് നല്‍കി.

അങ്ങനെ ഇരുളടഞ്ഞ ജീവിതം നയിച്ചുപോരവേ പെട്ടെന്നാണ് ജൂലിയയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചത്.
സംഗീത പരിപാടികളും പ്രദര്‍ശനങ്ങളഉം നടത്തുന്ന തിയോഡര്‍ ലെന്റ് അഥവാ ലൂയിസ് ബി ലെന്റ് എന്ന അമേരിക്കക്കാരന്‍ ജൂലിയയെ കാണാനിടയായി. ലെന്റ് ജൂലിയയെ, അവളുടെ അമ്മയിൽ നിന്നും ഇരുപതാം വയസിൽ വാങ്ങി . ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. തുടര്‍ന്ന് ‘താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ’ എന്ന ട്രേഡ് നെയ്മില്‍ ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. ഇതിനിടെ മൂന്നു ഭാഷകളില്‍ എഴുതാനും വായിക്കാനും ജൂലിയ പഠിച്ചു. ഷോകളില്‍ പാസ്ട്രാനയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.

താമസിയാതെ ലെന്റ് ജൂലിയയെ വിവാഹം കഴിച്ചു. അവള്‍ ഗര്‍ഭിണിയായി. 1860ല്‍ മോസ്‌കോയില്‍ ഒരു പ്രദര്‍ശന പര്യടനത്തിനിടെ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞ് അമ്മയുടെ തല്‍സ്വരൂപമായിരുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു. വിധി ജൂലിയയെയും ജീവിക്കാനനുവദിച്ചില്ല. പ്രസവത്തിന്റെ അഞ്ചാം നാള്‍ വിരൂപദേഹത്തു നിന്നും ജൂലിയയുടെ ജീവന്‍ പറന്നകന്നു പോയി. പക്ഷേ, മകന്റെയും ഭാര്യയുടെയും മൃതദേഹം ലെന്റ് സംസ്‌കരിച്ചില്ല. അയാള്‍ ഈ ജഡങ്ങളുടെ കച്ചവടമൂല്യം മനസിലാക്കി. ലെന്റ് മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂകോലോവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃതദേഹങ്ങള്‍ എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോയി.

ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന വനിതയെ കണ്ടുമുട്ടി. ജൂലിയയുടെ അതേ രൂപമായിരുന്നു മാരിക്കും. ഇവള്‍ ജൂലിയയുടെ ഇളയ സഹോദരിയാണെന്ന് പറഞ്ഞാണ് ലെന്റ്, ഷോകള്‍ നടത്തിയത്. സെനോര പാസ്ട്രാന എന്ന പേരും ഇട്ടു. പ്രദര്‍ശനങ്ങളില്‍ നിന്ന് വളരെയധികം പണം അവര്‍ നേടി. ഏറെ കഴിയും മുമ്പ് അതായത് 1884ല്‍ ലെന്റ് ഒരു റഷ്യന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ വച്ച് മരണമടയുകയും ചെയ്തു. ലെന്റിന്റെ മരണ ശേഷം മാരി ബാര്‍ടെല്‍ ഇരു ജഡങ്ങളും വിറ്റു. 1921ല്‍ നോര്‍വെയിലെ ഏറ്റവും വലിയ ‘ഫണ്‍ ഫെയറി’ന്റെ മാനേജരായ ഹാക്കണ്‍ ലണ്‍ഡ് മൃതശരീരങ്ങള്‍ സ്വന്തമാക്കി. 1970 വരെ പ്രദര്‍ശനം തുടര്‍ന്നു. 1973ല്‍ നോര്‍വെയില്‍ നിശ്ചയിച്ചിരുന്ന പ്രദര്‍ശനത്തിനു മുമ്പ് ഒരു അമേരിക്കന്‍ ടൂര്‍ ഉണ്ടായിരുന്നു. ഇതിനിടെ മൃതശരീരപ്രദര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് അമേരിക്കയിലെ പ്രദര്‍ശനം റദ്ദാക്കി. പിന്നെ സ്വീഡനിലെ മേളയ്ക്കായി ജഡങ്ങള്‍ വാടകയ്ക്ക് നല്‍കി. എന്നാല്‍ സ്വീഡനിലെ അധികാരികള്‍ പ്രദര്‍ശനം നിരോധിച്ചു. 1976ല്‍ പ്രതിഷേധക്കാര്‍ കുട്ടിയുടെ മൃതദേഹത്തിന് അംഗഭംഗം വരുത്തി. നശിപ്പിക്കപ്പെട്ട മൃതശരീരം ഉപേക്ഷിച്ചു. 1979ല്‍ മോഷ്ടിക്കപ്പെട്ട ജൂലിയയുടെ ജഡമാവട്ടെ പിന്നീട് വീണ്ടെടുത്ത് ഓസ്‌ലോ ഫൊറെന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചു. പക്ഷേ, 1990 വരെ ഇതാരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ജൂലിയയുടെ ജഡം ഓസ്‌ലോ സര്‍വകലാശാലയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഇത് പൊതുജനശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം ജഡം മാന്യമായി സംസ്‌കരിക്കണമെന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. മെക്‌സിക്കന്‍ കലാകാരിയായ ലോറ ആന്‍ഡേഴ്‌സണ്‍ ബാര്‍ബറ്റയാണ് 2005ല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഒടുവിലത് ഒരു നാടിന്റെ മുഴുവന്‍ മുറവിളിയായി മാറി. മെക്‌സിക്കോയിലെ സിനലോവ ഗവര്‍ണര്‍ മരിയോ ലോപ്പസ് വാര്‍ഡെസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഓസ്‌ലോ സര്‍വകലാശാലയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുകയായിരുന്നു. ജന്മഗ്രാമത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍, വൈരൂപ്യത്തിന്റെ പാരമ്യം ലോകം ദര്‍ശിച്ച ജൂലിയ പാസ്ട്രാന എന്ന നാടിന്റെ ദുരന്തനായികയ്ക്ക് ആയിരങ്ങള്‍ 2013 ഫെബ്രുവരി 13-ാം തീയതി യാത്രാമൊഴി നല്‍കി.

the most ugliest women in the world

Sruthi S :