സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ ബോർഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഹൈകോടതി സിനിമ കാണാും. ശനിയാഴ്ച രാവിലെ 10 മണിക്ക് ആണ് സിനിമ കാണുക. ശേഷം ഹർജിയിൽ തീരുമാനമെടുക്കും.
പാലാരിവട്ടത്തെ ലാൽ മീഡിയയിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജിയിലാണ് തീരുമാനം.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടിയിരുന്നു.
വക്കീലിൻറെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.