പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. സംവിധായകന്‍ മാത്രമല്ല നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.

മലയാള സിനിമയ്ക്ക് ഒരു പിടി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പിന്നില്‍ പ്രമുഖ പങ്ക് വഹിച്ച സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. മലയാള സിനിമാ ചരിത്രത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, താവളം, ഒന്നാമന്‍, ജന്മാന്തരം തുടങ്ങിയവയാണ് ചുരുങ്ങിയ നാള്‍ കൊണ്ട് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.


ജോഷിയുടെ സഹായിയായി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാന സഹായിയായി ആകുകയും ചെയ്തു. ശേഷം 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആ നേരം അല്പനേരം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. തൊട്ടടുത്ത വര്‍ഷമാണ് രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ നാള്‍ കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. 2004ല്‍ സംവിധാനം ചെയ്ത ഫ്രീഡം ആയിരുന്നു അവസാന ചിത്രം. 2004ന് ശേഷം അദ്ദേഹം മലയാള സിനിമയില്‍ സജീവമായിരുന്നില്ല. സംവിധാനം മാത്രമല്ല അഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണവും അദ്ദേഹം നിര്‍വ്വഹിച്ചു. കൂടാതെ ഫ്രീഡം, ജമാന്തരം ആ നേരം അല്പ ദൂരം എന്നീ ചിത്രങ്ങള്‍ക്ക് രചനയും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.

 

 

1953 ഡിസംബര്‍ 11ന് കോട്ടയം കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. കോട്ടയം എംസി സെമിനാരി ഹയര്‍ സെക്കന്റി സ്‌കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂത്തിയാക്കി. കുഞ്ഞുമോളാണ് ഭാര്യ, ഐശ്വര്യ, ഐഞ്ചല്‍ എന്നിവരാണ് മക്കള്‍.

Thampi Kannanthanam passed away

Farsana Jaleel :