തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ദുൽഖർ സൽമാന്

തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നിവേദ തോമസും മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ദുൽഖർ സൽമാനും സ്വന്തമാക്കി. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിവേദ തോമസിന് അവാർഡിന് അർഹയായിരിക്കുന്നത്.

നന്ദ കിഷോർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആണ് നിവേദ വേഷമിട്ടത്. വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘ലക്കി ഭാസ്‌കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദുൽഖർ സൽമാൻ അവാർഡ് നേടിയിരിക്കുന്നത്.

‘പുഷ്പ 2’വിലൂടെ അല്ലു അർജുൻ ആണ് മികച്ച നടൻ. ‘കൽക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിൻ ആണ് മികച്ച സംവിധായകൻ. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്ക് ശേഷമാണ് പ്രഖ്യാപിക്കുന്നത്.

തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‌കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്‌ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ്, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്.

Vijayasree Vijayasree :