“അന്ന് ആ നടന് ഒരു കോടിയും നായകനായി അഭിനയിച്ച എനിക്ക് 3 ലക്ഷവുമാണ് പ്രതിഫലം ലഭിച്ചത് ” – സൂര്യ

തമിഴകത്തിന്റെ പ്രിയ നടനാണ് സൂര്യ . അഭിനയം കൊണ്ടും ലുക്ക് കൊണ്ടും പെരുമാറ്റം കൊണ്ടും വിനയം കൊണ്ടുമൊക്കെ ആരാധകർക്ക് ഏറെ പ്രിയങ്കരനായ സൂര്യ , നടൻ ശിവകുമാറിന്റെ മകനാണ്. എന്നാൽ അച്ഛൻ നടനായത് കൊണ്ട് അവസരം ലഭിക്കും എന്ന് ചിന്തിക്കരുത് എന്ന് പറയുകയാണ് സൂര്യ.

സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രസംഗത്തിലാണ് സൂര്യ താൻ വളർന്നു വന്ന വഴികളെ പറ്റിയും അനുഭവിച്ച കാര്യങ്ങളെ പറ്റിയുമൊക്കെ പങ്കു വച്ചത്. വളരെ ആത്മവിശ്വാസം കുട്ടികളിൽ ഉണർത്താൻ സൂര്യയുടെ പ്രസംഗത്തിനായി.

‘ബികോം പഠിച്ചു, അതും സപ്ലി എഴുതി. അങ്ങനെയുള്ള ഞാൻ എൻജിനിയറിങ് വിദ്യാർഥികളായ നിങ്ങൾക്ക് ഉപദേശം നൽകുകയാണെന്ന് വിചാരിക്കരുത്. ജീവിതത്തിൽ ഞാൻ പഠിച്ച ചില പാഠങ്ങൾ, അനുഭവങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കാം.’–സൂര്യ പറയുന്നു.

‘1995–ൽ ബികോം പൂർത്തിയാക്കുമ്പോൾ, ശരവണനായിരുന്ന ഞാൻ ഇപ്പോള്‍ നിങ്ങളുെട മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയിൽ എത്തിയത്.  ഒരാഴ്ചയ്ക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാൻ എന്നിൽ തന്നെ വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നൽകി മുന്നോട്ട് പോയി. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തിൽ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സർപ്രൈസുകൾ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാൻ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം.’

‘നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോൾ സംഭവിച്ചുകൊള്ളണമെന്നില്ല, എന്നാൽ നിങ്ങള്‍ക്കാവശ്യമുള്ളത് തീർച്ചയായും സംഭവിച്ചിരിക്കും. എന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്.’ 

‘മൂന്നുകാര്യങ്ങൾ ജീവിതത്തിൽ നിർബന്ധമായും േവണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓർമയില്ല. ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച കോ ആക്ടറിന് (സഹതാരം) നിർമാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കാണ്. എന്റെ കൺമുന്നിൽവെച്ചാണ് ആ ചെക്ക് നൽകിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാൽ ആ നിർമാതാവ് അദ്ദേഹത്തിന്റെ കൈയാൽ ഒരുകോടി രൂപ പ്രതിഫലം ഒരിക്കൽ എനിക്കും നൽകണമെന്ന് വെറുതെ പറഞ്ഞിരുന്നു’.

‘പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നൽകി. ഞാൻ ബികോം സപ്ലി എഴുതി പാസ് ആയ ആളാണ്. ഒരു നടന്റെ മകനായതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യം ബോധം വളരേണ്ടത്. അങ്ങനെയെങ്കിൽ അത് തീർച്ചയായും സംഭവിച്ചിരിക്കും.’

‘കാർത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയിൽ രജനി സാർ പറഞ്ഞൊരു കാര്യമുണ്ട്. ‘ജീവിതത്തിൽ എല്ലാവര്‍ക്കും രക്ഷപ്പെടാൻ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതിൽ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല.’

‘തീരുമാനങ്ങൾ സ്വയം എടുക്കാൻ പഠിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീർച്ചയായും നിങ്ങൾക്ക് ഉത്തരം ലഭിക്കും.’–സൂര്യ പറഞ്ഞു.സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷനിലെ നൂറ് കുട്ടികൾ ഈ കോളജിൽ പഠിക്കുന്നുണ്ട്. അവരുടെ പഠനചെലവും ഹോസ്റ്റൽ ചെലവുമെല്ലാം സൗജന്യമായാണ് കോളജ് വഹിക്കുന്നത്.

suriya about his life story

Sruthi S :