നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ്.
ഹാസ്യ താരമായും സ്വഭാവനടനായും നടനായും പ്രേക്ഷകരെ ഒരു പോലെ പിടിച്ചിരുത്തുവാനും പ്രേക്ഷക പ്രതി സ്വന്തമാക്കുവാനും സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന് സാധിച്ചു. ഇപ്പോഴിതാ ദിലീപിന്റെ ടു കൺട്രീസ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ജിമ്മി എന്ന കഥാപാത്രമായാണ് സുരാജ് ടു കൺട്രീസിൽ എത്തിയത്. കോമഡി സിനിമകൾ ചെയ്യുമ്പോൾ കുറേ ഡയലോഗുകൾ താൻ കയ്യിൽ നിന്നിട്ടിട്ടുണ്ടെന്നാണ് സുരാജ് പറയുന്നത്. കോമഡി സിനിമകൾ ചെയ്യുമ്പോൾ കുറേ സാധനങ്ങൾ നമ്മൾ കയ്യിൽ നിന്നിട്ടിട്ടുണ്ട്. അതിൽ ഹിറ്റായ ചില ഡയലോഗുകളുമുണ്ട്.
ഇതിനെയൊക്കെ കാണുമ്പോഴാണ് വീട്ടിൽ ഇരിക്കുന്നതിനെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന ഡയലോഗ് അത്തരത്തിൽ വന്ന ഒരു ഡയലോഗായിരുന്നു. അതിന് ഒരു കാരണമുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് ആ ഡയലോഗ് പറയാനുള്ള കറക്ട് സിറ്റുവേഷനായിരുന്നു അത്.
അയാൾ വേറെ ഒരു രാജ്യത്ത് വന്ന് അവിടെ ജീവിക്കാൻ വേണ്ടി ഒരു സ്ത്രീയെ കല്യാണം കഴിക്കുകയാണ്. അങ്ങനെ ആ ബന്ധത്തിൽ പെട്ടുകിടക്കുകയാണ്. അപ്പോൾ തീർച്ചയായും വേറെയൊരു സഭയിൽ വരുമ്പോൾ നല്ല പെൺകുട്ടികളെ കാണുമ്പോൾ ആ ഡയലോഗ് മനസിൽ വരാം.
ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ. എല്ലാ ആണുങ്ങളുടെയും മനസിലുള്ള കാര്യമാണ് പറഞ്ഞത്. എന്തുകൊണ്ടാണ് തിയേറ്ററിൽ അത്ര കയ്യടി വന്നതെന്ന് ചിന്തിച്ചാൽ തന്നെ മനസിലാകും. എല്ലാവർക്കും കണക്ട് ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് എന്നുമാണ് ചിരിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്.
2015ൽ ദിലീപിനെയും മംമ്ത മോഹൻദാസിനെയും നായക-നായികമാരാക്കി റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ടു കൺട്രീസ്. ദിലീപിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. സുരാജിന് പുറമേ മുകേഷ് അജു വർഗീസ്, അശോകൻ, ലെന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.