ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ ഭൂരഹിതൻ ; അരയേക്കർ ഭൂമി നൽകി സുമലത

പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഉണർന്നിട്ടില്ല ഇതുവരെ. മരിച്ചസൈനികരുടെ കുടുംബത്തിന് സഹായങ്ങളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാനായ മണ്ഡ്യ മെല്ലഹള്ളി സ്വദേശി എച്ച്.ഗുരുവിന്‍റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തയ്യാറാണെന്ന നടി സുമലത.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഗുരുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ഇതറിഞ്ഞാണ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്.

മകന്‍ അഭിഷേകിന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് മലേഷ്യയിലാണ് സുമലതയിപ്പോള്‍.

‘അഭിഷേകും ഞാനും ചേര്‍ന്നാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഗുരുവിന്റെ അന്ത്യകര്‍മങ്ങള്‍ അവിടെ വച്ച് കുടുംബാംഗങ്ങള്‍ നടത്തട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഭൂമി കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. മലേഷ്യയില്‍ നിന്ന് തിരികെ വന്നതിന് ശേഷം അവരെ ഞാന്‍ നേരിട്ട് കാണും’- സുമലത പറഞ്ഞു.

കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. ഗുരുവിന്‍റെ എല്‍ഐസി തുകയായി എട്ട് ലക്ഷം രൂപ നേരത്തെ രേഖകള്‍ ഒന്നും ഇല്ലാതെ എല്‍ഐസി കുടുംബത്തിന് നല്‍കിയിരുന്നു. ആറുമാസം മുന്‍പായിരുന്നു ഗുരുവിന്റെയും ഭാര്യ കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഗുരുവിന്റെ വീരമൃത്യു. 10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണു ഭര്‍ത്താവ് ആഗ്രഹിച്ചത്.

എനിക്ക് കരസേനയില്‍ ചേര്‍ന്ന് സേവനം അനുഷ്ഠിക്കണമെന്നായിരുന്നു ഭാര്യ കലാവതിയുടെ പ്രതികരണം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേര്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു. ഗുരുവിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും മറ്റു ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു.

sumalatha offers land to martyred solidiers guru

HariPriya PB :