അപകടത്തിൽ കാലു നഷ്ടപെട്ടതിനു ശേഷമാണ് ഞാൻ നൃത്തത്തെ സ്നേഹിച്ചു തുടങ്ങിയത് – സുധ ചന്ദ്രൻ

Sudha Chandran at Naagin launch for Colors in Powai on 26th Oct 2015 shown to user

കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ച ആളാണ് സുധ ചന്ദ്രൻ . ചെറുപ്പത്തിൽ തന്നെ നൂറോളം വേദികളിൽ നൃത്തം അവതരിപ്പിച്ച സുധ ചന്ദ്രൻ ഒരു ബസ്സപകടത്തിൽ പെട്ട് ആണ് കാല് നഷ്ടപെട്ടത്. ആ സംഭവത്തെ കുറിച്ച് പറയുകയാണ് സുധ ചന്ദ്രൻ .

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അപകടം സംഭവിക്കുന്നതിന് മുന്‍പ് വരെ താന്‍ നൃത്തം അഭ്യസിച്ചതെന്ന് സുധ പറയുന്നു. ബിഹൈന്‍ഡ്‌വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധ ചന്ദ്രന്‍. നൃത്തത്തെ കുട്ടിക്കളിയായി എടുത്തിരുന്ന തനിക്ക് അന്നത്തെ ദുരന്തം സമ്മാനിച്ചത് പ്രധാനപ്പെട്ട ചില ചിന്തകളുമാണെന്ന് സുധ പറയുന്നു. 

”1981 ലായിരുന്നു ആ ബസ് അപകടം. തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍. അന്ന് എനിക്ക് ഈ കാണുന്ന മനക്കരുത്തും വാശിയുമൊന്നും ഇല്ലായിരുന്നു. അപകടത്തില്‍ ഏറ്റവും പരിക്ക് കുറവ് എനിക്കായിരുന്നുവെന്ന് തോന്നുന്നു. ജീവിതത്തിന്റെ ഏറ്റവും വികൃതമായ മുഖം കണ്ട നിമിഷം എന്ന് തന്നെ പറയാം. പതിനഞ്ച് വര്‍ഷം വരെ അച്ഛനും അമ്മയും എന്നെ അത്രയും കരുതലോടെയാണ് വളര്‍ത്തിയത്. അവരുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നെ അറിയിച്ചിരുന്നില്ല. ഒരു കുമിളയ്ക്കുള്ളിലായിരുന്നു എന്റെ ജീവിതം. അപകടം സംഭവിച്ച രാത്രയില്‍ ആ കുമിള പൊട്ടി.

അപകടത്തില്‍ അമ്മ മരിച്ചുപോയി എന്നാണ് എന്നോട് പോലീസ് പറഞ്ഞത്. അമ്മയെ എടുക്കാന്‍ വന്നപ്പോള്‍ ശ്വസിക്കുന്നത് കണ്ടു. അമ്മയെയും അപ്പയെയും ആംബുലന്‍സില്‍ കയറ്റാനൊക്കെ ഞാന്‍ കൂടെ നിന്നിരുന്നു. അവര്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെവ്വേറെ വാര്‍ഡുകളിലായിരുന്നു ഞങ്ങള്‍. അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ സാധിക്കില്ല. ഡല്‍ഹി സ്വദേശികളായ വന്ന നാല് യുവാക്കള്‍. അവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയത്. അവര്‍ ആരാണെന്ന് എനിക്കറിയില്ല. എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അവരില്‍ ആര്‍ക്കെങ്കിലും അത് ഓര്‍മയുണ്ടെങ്കില്‍ എനിക്ക് ഒന്ന് കാണണം എന്നുണ്ട്. നന്ദി അറിയിക്കണമെന്നുണ്ട്. അവര്‍ കാരണമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ അനാസ്ഥയും എന്റെ സമയദോഷവും. ആ മുറിവ് പഴുത്തു. അങ്ങനെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. മരവിച്ചതുപോലൊരു അവസ്ഥയായിരുന്നു ആദ്യം. ഡോക്ടര്‍ പറഞ്ഞു, നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്ന്. അന്നാണ് ഞാന്‍ തിരിച്ചറിയുന്നത് നമുക്ക് നഷ്ടപ്പെടുന്നത് എന്താണോ അതിന് വേണ്ടി നാം കൊതിക്കുമെന്ന്. അപ്പോഴാണ് നൃത്തം എത്ര മാത്രം വിലപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലായത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പതിനാറ് വയസ്സുവരെ നൃത്തം അഭ്യസിച്ചത്. എന്റെ സംഭാവന വട്ടപൂജ്യമായിരുന്നു. കാല് നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാന്‍ അധ്വാനിക്കാന്‍ തുടങ്ങിയത്. ജീവിതത്തില്‍ നൃത്തം ചെയ്യാന്‍ എനിക്ക് ഒരേ ഒരു അവസരം നല്‍കണമെന്നാണ് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നത്.

ആറുമാസം കിടക്കയില്‍ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ്  ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ചും ഞാന്‍ അറിയുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഡോക്ടര്‍ സേഥിയെ ഞാന്‍ കാണാന്‍ ചെന്നത്. അദ്ദേഹത്തെ കണ്ടയുടന്‍ ഞാന്‍ ചോദിച്ചത്, ‘എനിക്ക് നൃത്തം ചെയ്യാന്‍ കഴിയുമോ?’ എന്നായിരുന്നു. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ ഉത്തരം. ജീവിതത്തില്‍ പ്രതീക്ഷയുടെ ഒരു വെട്ടം ഞാന്‍ അന്ന് കണ്ടു. നിറഞ്ഞ സദസ്സിനു മുന്‍പില്‍ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ ഞാന്‍ വീണ്ടും സ്വപ്നം കണ്ടു.

കൃത്രിമക്കാലില്‍ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാന്‍ തുടങ്ങി. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷമാണ് ഞാന്‍ വീണ്ടും വേദിയിലെത്തുന്നത്. അന്ന് ഡോക്ടര്‍ സേഥി എന്റെ നൃത്തം കാണാന്‍ എത്തിയിരുന്നു. മൂന്ന് മണിക്കൂര്‍ ഞാന്‍ ഒന്നും അറിയാതെ നൃത്തം ചെയ്തു. നൃത്തത്തിന് ശേഷം ഡോക്ടര്‍ സേഥി എനിക്കരികില്‍ വന്നു ചോദിച്ചു, സുധാ നിനക്കിത് എങ്ങനെ സാധിച്ചു. ഞാന്‍ പറഞ്ഞു, ഡോക്ടര്‍ അല്ലേ പറഞ്ഞത് നൃത്തം ചെയ്യാന്‍ കഴിയുമെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിന്റെ നിഷ്‌കളങ്കമായ മുഖം കണ്ടപ്പോള്‍ എനിക്ക് സാധിക്കില്ല എന്ന് പറയാന്‍ തോന്നിയില്ല. പക്ഷേ നീ അത് ഇത്ര പെട്ടന്ന് നേടിയെടുക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

കൃത്രിമക്കാലില്‍ നൃത്തം പഠിക്കുന്ന സമയത്ത് പലരും പറഞ്ഞു, എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്ന്. നൃത്തമൊന്നും ഇനി വേണ്ടായെന്ന്.’ പക്ഷേ, എനിക്ക് വാശിയായിരുന്നു. നൃത്തം മാത്രമായിരുന്നു മനസ്സില്‍. എന്റെ സ്വപ്നം എന്തു വിലകൊടുത്തും നേടണമെന്ന ആഗ്രഹവും”- സുധ ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

sudha chandran about her accident

Sruthi S :