അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണ്, മകനൊപ്പം അഭിനയിക്കാൻ ശ്രീനിവാസൻ ലൊക്കേഷനിൽ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ .കുറിയ്ക്ക് കൊള്ളുന്ന നര്‍മ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രം​ഗത്തു നിന്നും മാറി നിന്ന മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിൽ. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മകൻ വിനീത് ശ്രീനിവാസനൊപ്പം ചിത്രത്തിന്റെ പൂജ ചടങ്ങുകളിൽ ശ്രീനിവാസൻ പങ്കെടുത്തു. ശ്രീനിവാസനൊപ്പം വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ഛൻ വീണ്ടും ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നതിന്റെ സന്തോഷം വിനീത് ശ്രീനിവാസൻ മാദ്ധ്യമങ്ങളോട് പങ്കുവെച്ചു.

‘ഈ ഒരു സിനിമയുടെ ചർച്ച തുടങ്ങിയപ്പോൾ തന്നെ അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി കാത്തിരിക്കുകയായിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ആരംഭിക്കുന്നതിനായാണ് നവംബറിലേയ്‌ക്ക് ഷൂട്ടിംഗ് മാറ്റിയത്. അഭിനേതാക്കൾ എല്ലാം അതിനോട് സഹികരിച്ചു. അച്ഛന് നല്ല വ്യത്യാസമുണ്ട്. പഴയപോലെ തന്നെയാണ് അദ്ദേഹം. അഭിനയിച്ച് തുടങ്ങുമ്പോൾ പൂർണ്ണമായും അച്ഛൻ ആരോഗ്യവാനാകും.

അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണ്. ഇത്രയും കാലം പ്രവർത്തിച്ച ഒരു മേഖലയും, ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നതും സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ്. ഷൂട്ട് തുടങ്ങുമ്പോഴേക്കും അച്ഛൻ ഫുൾ ഓൺ ആകുമെന്നാണ് വിശ്വാസം. അച്ഛൻ സംഭാഷണം പഠിക്കുന്നതും വളരെ എനർജിയോടെയാണ്’ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു

മാർച്ച് മാസത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ് കുറുക്കൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ആണ് സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സം​ഗീതം പകരുന്നത്.

AJILI ANNAJOHN :