ദുരന്തം വന്നപ്പോള്‍ മനുഷ്യ മനസ്സിലെ മതിലുകള്‍ തകര്‍ന്നു… ഓര്‍ക്കുക ഉത്സവം എന്ന വാക്കിന്റെ അര്‍ത്ഥം! ഈ ഓണം നമ്മുക്ക് പൊന്നോണമല്ല, തിരിച്ചറിവിന്റെ തിരുവോണം: ശ്രീകുമാരന്‍ തമ്പി

ദുരന്തം വന്നപ്പോള്‍ മനുഷ്യ മനസ്സിലെ മതിലുകള്‍ തകര്‍ന്നു… ഓര്‍ക്കുക ഉത്സവം എന്ന വാക്കിന്റെ അര്‍ത്ഥം! ഈ ഓണം നമ്മുക്ക് പൊന്നോണമല്ല, തിരിച്ചറിവിന്റെ തിരുവോണം: ശ്രീകുമാരന്‍ തമ്പി

ഈ ഓണം മലയാളികള്‍ക്ക് പൊന്നോണമല്ല തിരിച്ചറിവിന്റെ തിരുവോണമാണെന്ന് സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പ്രളയക്കെടുതിയിലായ കേരളം ഇപ്പോഴും പ്രളയത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല.. പ്രളയം വന്നതോടെ മതിലുകള്‍ തകര്‍ന്നെന്നും അതിനൊപ്പം മനുഷ്യ മനസ്സിലെ മതിലുകളും ഇല്ലാതായെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്. രക്ഷാകേന്ദ്രങ്ങളില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ ഒരുമിച്ചിരുന്ന് ക്ഷണം പങ്കിട്ടെന്നും അദ്ദേഹം കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

തിരിച്ചറിവിന്റെ തിരുവോണം

എല്ലാവരും ഒരുമിച്ചു ജീവിതം ആഘോഷിക്കണമെന്ന ആദര്‍ശം തിരുവോണം എന്ന ഉത്സവത്തിലൂടെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഉത്‌ഘോഷിച്ച ജനവിഭാഗമാണ് മലയാളികള്‍. ജാതിമത വൈരങ്ങളും രാഷ്ട്രീയ ചൂതുകളികളും നമ്മളിലും വിഭാഗീയത സൃഷ്ടിച്ചു. എന്നാല്‍ പ്രകൃതി നമ്മളോട് പകരം വീട്ടി. ദുരന്തം വന്നപ്പോള്‍ മതിലുകള്‍ തകര്‍ന്നു. മനുഷ്യ മനസ്സിലെ മതിലുകളും ഇല്ലാതായി. രക്ഷാകേന്ദ്രങ്ങളില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഏകോദര സഹോദരങ്ങളെപ്പോലെ ഒരുമിച്ചിരുന്നു. ഭക്ഷണം പങ്കിട്ടു.


ഭൗതികമായ തകര്‍ച്ചയില്‍ നമുക്കു ലഭിച്ച ഈ മാനസികമായ വളര്‍ച്ച എല്ലാ കാലത്തും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കണം. സമചിത്തതയോടെ ഒരു സ്ഥിത പ്രജ്ഞനെപ്പോലെ ഈ ദുരന്തത്തെ നേരിട്ട് ഒരു പുതിയ കേരളം സൃഷ്ടിക്കുമെന്ന് പ്രതിജ്ഞയെടുത്ത നമ്മുടെ സമരാധ്യനായ മുഖ്യ മന്ത്രിക്കു രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു പൂര്‍ണ്ണ പിന്‍തുണ നല്‍കുക. ഈ ഓണം നമുക്കു പൊന്നോണമല്ല. തിരിച്ചറിവിന്റെ തിരുവോണമാണ്. ഓര്‍ക്കുക.. ഉത്സവം എന്ന വാക്കിന്റെ അര്‍ത്ഥം. ഉയര്‍ച്ചക്കു വേണ്ടിയുള്ള യജ്ഞം എന്നാണ്.


Sreekumaran Thampi about Onam in Kerala flood

Farsana Jaleel :