” ആര്‍ക്കു വേണ്ടിയിട്ടാണ് നമ്മള്‍ അഭിനയിക്കുന്നത്? ” – സൊനാലി ബിന്ദ്ര

” ആര്‍ക്കു വേണ്ടിയിട്ടാണ് നമ്മള്‍ അഭിനയിക്കുന്നത്? ” – സൊനാലി ബിന്ദ്ര

ക്യാൻസറിനെ പോരാടി തോൽപിക്കാൻ ഒരുങ്ങുകയാണ് സൊനാലി ബിന്ദ്ര . അവർ കാണിക്കുന്ന ചങ്കൂറ്റം ഓരോ ക്യാൻസർ ബാധിതർക്കും പാഠമാണ്. ഇപ്പോൾ ന്യുയോർക്കിൽ ചികിത്സയിലുള്ള സൊണാലിക്ക് പിന്തുണയുമായി ധാരാളം സുഹൃത്തുക്കൾ എത്തുന്നുണ്ട്.

കീമോ തെറാപ്പി ചികിത്സയിലാണ് ബിന്ദ്രയിപ്പോള്‍. കീമോയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും വേദനകള്‍ക്കിടയിലും സൊനാലി ഇന്‍സ്റ്റാഗ്രാമിലെഴുതിയ ഏറ്റവും പുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സൊനാലിയുടെ പോസിറ്റീവ് എനര്‍ജിയുള്ള വാക്കുകള്‍ ഇങ്ങനെ.. കഴിഞ്ഞ മാസങ്ങളില്‍ നല്ലതും ചീത്തയുമായ ദിവസങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഞാന്‍ ആകെ അസ്വസ്ഥയായിരുന്നു.. ഒരു വിരല്‍ ഉയര്‍ത്തുന്നതുപോലും വേദനാജനകമായ അവസ്ഥകള്‍. വേദന കാലചക്രം പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരിക വേദനയില്‍ നിന്നു തുടങ്ങി മാനസികവും വൈകാരികവുമായ വേദനകളില്‍ അവസാനിക്കുന്ന കാലചക്രം.. പോസ്റ്റ് കീമോ സെക്ഷനുകള്‍, പോസ്റ്റ് സര്‍ജറി… ഒന്നു ചിരിക്കുമ്പോള്‍ പോലും വേദന തോന്നിയ നിമിഷങ്ങള്‍. ഓരോ നിമിഷവും പോരാട്ടമായ അനുഭവങ്ങള്‍.

നമുക്ക് മോശം സമയങ്ങളുമുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കണമെന്നു നിര്‍ബന്ധിക്കുന്നതില്‍ അര്‍ഥമില്ല.. ആര്‍ക്കു വേണ്ടിയിട്ടാണ് നമ്മള്‍ അഭിനയിക്കുന്നത്?

ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു. വേദനകള്‍ അനുഭവിച്ചു തന്നെ.. എന്നോട് തന്നെ ദയ കാണിച്ചു. നമ്മള്‍ കടന്നു പോവുന്നത് എന്തിലൂടെയെന്ന് മനസ്സിലാക്കുന്നതാണ് ആ അവസ്ഥയെ അംഗീകരിക്കാനുള്ള ഏറ്റവും നല്ല വഴി. ഇമോഷന്‍സ് തെറ്റല്ല, നെഗറ്റീവ് വികാരങ്ങളൊന്നും തെറ്റല്ല. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമ്മള്‍ അത് നെഗറ്റീവ് ആണെന്ന് തിരിച്ചറിയണം.. ജീവിതത്തെ കീഴ്പ്പെടുത്താന്‍ ആ വികാരങ്ങളെ അനുവദിക്കരുത്, സൊനാലി കുറിച്ചു.

നമ്മുടെ കാര്യത്തില്‍ നമ്മള്‍ തന്നെ നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കൂ എന്നും സൊനാലി പറയുന്നു. ഉറക്കം എപ്പോഴും എന്നെ ഇതില്‍ സഹായിക്കാറുണ്ട്., കീമോ കഴിഞ്ഞ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത്.., മകനോടൊത്തു സമയം ചെലവഴിക്കുന്നത്..ഇതൊക്കെ എന്നെ കഠിന സമയങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിച്ചു. ചികിത്സ പൂര്‍ത്തിയാക്കി സുഖമായി വീട്ടിലേക്കു മടങ്ങണം എന്നണ് ആശിക്കുന്നതെന്നും ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണെന്നും പറഞ്ഞ് സൊനാലി കുറിപ്പ് അവസാനിപ്പിച്ചു.

sonali bendre about her health condition

Sruthi S :