ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്- കെ.എസ് ചിത്ര

ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്- കെ.എസ് ചിത്ര

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 2019 ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മലയാളികളുടെ വാനമ്പാടിയായ കെ എസ് ചിത്ര. 1979ൽ ആദ്യഗാനം റെക്കോഡ് ചെയ്തുകഴിഞ്ഞ് പിന്നീട് 1980കളിലാണ് ചിത്ര സജീവമാകുന്നത്. സംഗീതജീവിതത്തിൽ ഏറെ മറക്കാനാവാത്ത അനുഭവം എ.ആര്‍റഹ്‌മാന്‍ ഷോയില്‍ സംഭവിച്ച ഒരു പിഴവായിയിരുന്നുവെന്ന് ചിത്ര പറഞ്ഞു.

‘റഹ്‌മാന്‍ സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്‌കെയില്‍ ചേഞ്ച് വരണം. അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്. ഞാനല്ല സിനിമയില്‍ ആ പാട്ട് പാടിയത്. അതിന്റെയൊരു ആത്മവിശ്വാസക്കുറവ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്ത് പോയതായിരുന്നു. ഇന്നും അത് ആലോചിക്കുമ്പോള്‍ ഒരു വിഷമമാണ്. എന്താണ് സംഭവിച്ചതെന്ന് റഹ്‌മാന് മനസ്സിലായില്ല’. ചിത്ര പറഞ്ഞു.

സംഗീത ലോകത്ത് വര്‍ഷങ്ങളേറെയാണെങ്കിലും സ്‌റ്റേജില്‍ കയറുമ്പോള്‍ ഇപ്പോഴും കൈകള്‍ തണുത്ത് വിറങ്ങലിച്ചിരിക്കുമെന്ന് ഗായിക പറഞ്ഞു. മുഖത്ത് നോക്കി കുറ്റവും കുറവും തുറന്ന് പറയുന്നവരെയാണ് തനിക്ക് ഇഷ്ടമെന്നും ചിത്ര പറഞ്ഞു. ചിലര്‍ നമ്മളെ ഒരുപാട് പുകഴ്ത്തും. എന്നാല്‍ അസാന്നിധ്യത്തില്‍ കുറ്റം പറയും. അങ്ങനെയുള്ളവരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമായി എടുക്കാറില്ലെന്നും താരം കൂട്ടി ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഗായിക തന്റെ അനുഭവങ്ങൾ പങ്കിട്ടത്.

 


singing experience of k s chithra

HariPriya PB :