സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി



നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റേയും മകനും, നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്കുറിച്ച്‌ ആരാധകർ അറിഞ്ഞത്. ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നവദമ്പതികൾക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിട്ടുള്ളത്. 2009 ലായിരുന്നു താരപുത്രന്റെ ആദ്യ വിവാഹം. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ആദ്യവിവാഹമോചനം. അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേനയാണ് വേര്‍പെടുത്തിയത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. 2012 ഏപ്രില്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് കാണിച്ച് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജീവനാംശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കൊന്നും അവകാശമുന്നയിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയിലേക്കെത്തിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവുകയെന്ന മോഹവും താരപുത്രനുണ്ടായിരുന്നു. അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കിലൂടെയായിരുന്നു അദ്ദേഹം ആ ആഗ്രഹം സഫലീകരിച്ചത്. റിമ കല്ലിങ്കലായിരുന്നു നായികയായി എത്തിയത്. പ്രധാന കഥാപാത്രമായ രാജുവിനെ അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥായിരുന്നു. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുമായാണ് പിന്നീട് അദ്ദേഹം എത്തിയത്. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. വടക്കാഞ്ചേരി എങ്കക്കാട്‌ ഓർമ എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.

sidharth bharathan marriage

Sruthi S :