മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
മഞ്ജു വാര്യരോളം മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ്. സിനിമാ പ്രേമികളായ ഓരോ മലയാളിയും അത്രയേറെ ഹൃദയത്തോട് ചേർത്തു നിർത്തിയിരിക്കുന്ന താരമാണ് മഞ്ജു. സൂപ്പർ സ്റ്റാർ എന്ന വിശേഷണം പോലും മഞ്ജുവിന് വരുന്നത് അങ്ങനെയാണ്.
അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ മഞ്ജു കലോത്സവ വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വരവറിയിച്ച മഞ്ജു അടുത്ത നാല് വർഷം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പേരെടുക്കുകയായിരുന്നു.
ഈ കാലയളവിൽ തന്നെ മമ്മൂട്ടി ഒഴികെയുള്ള മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ സിനിമകളിലും മഞ്ജു നായികയായി. മോഹൻലാലിനൊപ്പം അഭിനയിച്ച കന്മദവും ആറാം തമ്പുരാനുമെല്ലാം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളാണ്. എന്നാൽ നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെ മഞ്ജു അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
ആ ബന്ധം അവസാനിപ്പിച്ച ശേഷം 2014 ലാണ് മഞ്ജു പിന്നീട് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത്. ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായ മഞ്ജു നിരവധി സിനിമകളിലാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ അഭിനയിച്ചത്. മോഹൻലാലിനൊപ്പം മൂന്നോളം സിനിമകളും മഞ്ജു അഭിനയിച്ചു.
ഇപ്പോഴിതാ, മോഹൻലാലിന്റെ ഹിറ്റ് സിനിമകളിൽ ഒന്നായ ഉസ്താദിൽ നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു എന്ന് പറയുകയാണ് സിബി മലയിൽ. ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു. ദിവ്യ ഉണ്ണി ആയിരുന്നു നായിക. മോഹൻലാലിന്റെ സഹോദരിയുടെ വേഷമാണ് ദിവ്യ ഉണ്ണി ചെയ്തത്.
ദിവ്യ ഉണ്ണി അവതരിപ്പിച്ച ആ കഥാപാത്രം യഥാർത്ഥത്തിൽ മഞ്ജു വാര്യരായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് സിബി മലയിൽ പറയുന്നത്. ഷൂട്ട് തുടങ്ങിയതിന് ശേഷം ദിലീപും മഞ്ജുവും ഒഴിവാക്കണമെന്ന് വിളിച്ചു പറഞ്ഞത് പ്രകാരം മഞ്ജുവിനെ മാറ്റി ദിവ്യ ഉണ്ണിയെ നായികയാക്കുകയായിരുന്നു എന്ന് സെൻസേഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ.
ശരിക്കും പറഞ്ഞാൽ ഉസ്താദിൽ ദിവ്യ ഉണ്ണി ചെയ്ത കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു. മഞ്ജുവിനെയാണ് കാസ്റ്റ് ചെയ്തത്. മഞ്ജുവുമായി സംസാരിച്ച് എല്ലാം തീരുമാനിച്ചതായിരുന്നു. ഇതിന്റെ ആദ്യത്തെ ഷൂട്ട് ദുബായിലായിരുന്നു. അതിന്റെ ക്ലൈമാക്സാസ് ആയിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. കാരണം ആ സമയത്ത് അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മോഹൻലാൽ അവിടെ ഉണ്ട്.
ലാലും യൂണിറ്റും എല്ലാം അവിടെ ഉണ്ട്. ഞങ്ങൾ അങ്ങോട്ടേക്ക് പോയാൽ മതി. അയാൾ കഥയെഴുതുകയാണ് ഷൂട്ട് തീർന്ന് അടുത്ത ദിവസം ഉസ്താദിന്റെ ഷൂട്ട് തുടങ്ങി. അവിടുത്തെ ഷൂട്ടിങ്ങിനിടക്കാണ് ഇവിടെ
മഞ്ജുവിന്റെ കല്യാണം കഴിഞ്ഞു എന്ന വിവരം അറിയുന്നത്.
അപ്പോൾ പിന്നെ നമ്മളും കൺഫ്യൂഷനിലായി. ഇവിടെ തിരിച്ചു എത്തിയപ്പോൾ ദിലീപും മഞ്ജുവും എന്നെ വിളിച്ചു, ഞങ്ങൾ അങ്ങനെ ഒരു തീരുമാനമെടുത്തു, ഒന്ന് ഒഴിവാക്കണമെന്ന് പറഞ്ഞു. അവരുടെ പേഴ്സണൽ ലൈഫിന്റെ പ്രശ്നമായതുകൊണ്ട് നമ്മൾ സമ്മതിച്ചു. അങ്ങനെയാണ് ദിവ്യയിലേക്ക് പെട്ടെന്ന് പോകേണ്ടി വന്നത്,’ സിബി മലയിൽ പറഞ്ഞു.