ഞങ്ങള്‍ വഴക്കിട്ടില്ല, മുകേഷ് എനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യം, ഒടുവില്‍ ക്ഷമ ചോദിച്ച് മുകേഷ്, സത്യാവസ്ത വെളിപ്പെടുത്തി ഷമ്മി തിലകന്‍

ഞങ്ങള്‍ വഴക്കിട്ടില്ല, മുകേഷ് എനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യം, ഒടുവില്‍ ക്ഷമ ചോദിച്ച് മുകേഷ്, സത്യാവസ്ത വെളിപ്പെടുത്തി ഷമ്മി തിലകന്‍

മുകേഷ് തനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യമെന്ന് ഷമ്മി തിലകന്‍. മുകേഷുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി തിലകന്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുകേഷ് ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകന്‍ രൂക്ഷമായി പ്രതികരിച്ചുമെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍.

ഷമ്മി തിലകന്റെ വാക്കുകളിലേയ്ക്ക്-

മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ രൂക്ഷമായ യാതൊന്നും അവിടെ നടന്നിട്ടില്ല. മുകേഷ് എനിക്കെന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ്. സിനിമയില്‍ വരുന്നതിനു മുമ്പ് എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. വാര്‍ത്തകളില്‍ വരുന്ന പോലെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല തര്‍ക്കമുണ്ടായത്. എന്റെ വ്യക്തിപരമായ വിഷയങ്ങളിലാണ്. അച്ഛന്റെ കാര്യങ്ങള്‍ പറയാനുളള പ്രതിപുരുഷന്‍ മാത്രമാണ് ഞാന്‍. അമ്മയില്‍ നിന്ന് തിലകന് നീതി വാങ്ങി കൊടുക്കേണ്ടത് എന്റെ കടമയോ ഉത്തരവാദിത്തമോ അല്ല. ജനങ്ങള്‍ അത്രമാത്രം സ്‌നേഹിച്ച മഹാപ്രതിഭയോടു കാണിച്ച നീതികേടിന് പരിഹാരമുണ്ടാക്കാന്‍ ഞാന്‍ ആളല്ല.

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് പറഞ്ഞിരുന്നു എന്നത് സത്യമാണ്. വിനയന്റെ പടത്തിനായി വാങ്ങിയ അമ്പതിനായിരം തിരിച്ചു കൊടുക്കേണ്ടി വന്നത് മുകേഷിന്റെ ഇടപെടലാണ്. ആ അര്‍ത്ഥത്തില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്നേ ഉദ്ദേശിച്ചുളളു. അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും എന്ന് പറഞ്ഞത് പോയിന്റ് ചെയ്തു പറയുകയാണ് ഉണ്ടായത്. മുകേഷ് വഴിനടത്തുന്ന ജ്യേഷ്ഠ സഹോദരനാണ്. മാന്നാര്‍ മത്തായി 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അത്. അമ്മ പ്രസിഡന്റ് ഇന്നസെന്റും അടുത്തുണ്ടായിരുന്നു. പക്ഷേ ഒരു അക്ഷരം പോലും അദ്ദേഹം സംസാരിച്ചില്ല. മുകേഷാണ് സംസാരിച്ചത്. അതു കൊണ്ടാണ് ഹിയറിങ്ങിനു വിളിപ്പിച്ചപ്പോള്‍ അമ്മ എന്നെ വിലക്കിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞത്.


സത്യത്തില്‍ അമ്മയെ നിയമനടപടികളില്‍ നിന്ന് ഞാന്‍ രക്ഷിക്കുകയാണ് ചെയ്തത്. മുകേഷുമായി എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അമ്മ യോഗത്തില്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെ വഴക്കൊന്നും ഉണ്ടായില്ല. കൊല്ലത്തുകാരുടെ സ്വതസിദ്ധമായ സംഭാഷണം നമുക്ക് അറിയാമല്ലോ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെങ്കിലും അദ്ദേഹം പറഞ്ഞില്‍ വഴക്കുണ്ടായിരുന്നില്ല. പരിഹാസവും ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ തമാശ എനിക്കു രസിച്ചില്ല. തന്റെ തമാശ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചു വിട്ടതില്‍ സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നുമുളള എന്റെ മറുപടിയിലും വഴക്കില്ലായിരുന്നു. പുറത്തു നിന്ന് കേള്‍ക്കുന്ന മറ്റുളളവര്‍ക്ക് വഴക്ക് തോന്നാമെങ്കിലും വഴക്കില്ലായിരുന്നു. അതിനു ശേഷം മുകേഷ് എന്റെ അടുത്തു വന്നു വിട്ടുകളയെടാ, കാര്യമാക്കണ്ട എന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ആ കാര്യം അവിടെ കഴിഞ്ഞു.

Shammi Thilakan clarifies clash with Mukesh

Farsana Jaleel :