കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു .; പിന്നീട് അവർ വിളിച്ചില്ല; ശാലിൻ സോയ

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.


മലയാളത്തിൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. അതേസമയം അവതാരകയായി ഒരു സമയത്ത് തിളങ്ങി നിന്ന് ശാലിൻ ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. അതേക്കുറിച്ച് കുറിച്ച് മനസുതുറന്നിരിക്കുകയാണ് ശാലിൻ ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ആങ്കറിങ് തനിക്ക് പറ്റിയ പരിപാടിയല്ലെന്നാണ് ശാലിൻ പറയുന്നത്. മൂന്ന് നാല് ഷോകൾ ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യ ഷോ ചെയ്തപ്പോൾ തന്നെ തനിക്ക് പറ്റിയ പരിപാടിയല്ല ഇതെന്ന് തോന്നിയിരുന്നു. മറ്റുള്ളവരെ പോലെ പ്രസന്റബിൾ ആവാനോ ഫേക്ക് ചെയ്ത് നിൽക്കാനോ തനിക്ക് കഴിയില്ലെന്ന് ശാലിൻ വ്യക്തമാക്കി. അവതാരകയായിരിക്കെ തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവവും താരം പങ്കുവച്ചു.

“ഒരു ഷോ നടക്കുകയാണ്. അതിനിടയിൽ വലിയൊരു കലാകാരന്റെ മരണം അന്നൗൺസ് ചെയ്തു. ഞാൻ ഒന്ന് സ്റ്റാക്കായി പോയി. അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുള്ളതാണ്. അവിടെ ഉള്ള പലരും അങ്ങനെ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം ഇനിയില്ലല്ലോ എന്നൊക്കെയുള്ള ചിന്ത കയറി, വിറയലൊക്കെ വന്നു. എന്നേക്കാൾ അറ്റാച്ച്മെന്റ് ഉള്ള ആളുകളൊക്കെ അവിടെ ഉണ്ട്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഒരു എപ്പിസോഡാണ് ഷൂട്ട് ചെയ്യുന്നത്.മരണവാർത്ത അറിഞ്ഞതോടെ ഒരു അഞ്ച് മിനിറ്റ് അദ്ദേഹത്തിന് വേണ്ടി മൗനമായി എല്ലാവരും നിന്നു. പിന്നീട് എല്ലാവരും പഴയത് പോലെ ആക്ടീവായി. പാട്ടും ഡാൻസുമൊക്കെയായി ആകെ ബഹളം.

ആങ്കറായത് കൊണ്ട് ഞാൻ പതിയെ കയ്യടിച്ച് ഒപ്പം നിന്നു. പക്ഷേ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ബ്രേക്കിനിടെ മ്യൂസിക് ചെയ്യുന്നവർ ഇരിക്കുന്ന സ്റ്റാൻഡിന്റെ താഴെ പോയി ഇരുന്നു. ആ ചേട്ടന്മാരും വിഷമിച്ച് ഇരിക്കുകയാണ്.അവർക്കുള്ളിലും മനുഷ്യത്വം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞാൻ അവരോട് ചോദിച്ചു, ആര് മരിച്ചാലും അഞ്ച് മിനിറ്റേ ഉള്ളുവല്ലേയെന്ന്. അവർ അതേ മോളെ എന്ന് പറഞ്ഞു. എനിക്ക് അവിടെ മറ്റുള്ളവരെ പോലെ നിൽക്കാൻ പറ്റുന്നില്ലായിരുന്നു,” ശാലിൻ ഓർക്കുന്നു. സിനിമയിൽ നിന്നുണ്ടായ ഒരു മോശം അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു.

ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്. തമിഴ് സിനിമയിൽ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു.അവർ കാസ്റ്റ് ചെയ്തു, അതിന്റെ സംവിധായകനും ഡിഓപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു.

നായിക വേഷമായിരുന്നു. ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വർക്ക്ഔട്ടിൽ സഹായിക്കാൻ അവർ തന്നെ ഒരു ട്രെയ്‌നറിനെയും വെച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു.

പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. പക്ഷേ ഇവർ പിന്നീട് വിളിച്ചില്ല. അവരെ കോൺടാക്ട് ചെയ്യാനും ഒരു നിവൃത്തി ഉണ്ടായിരുന്നില്ല. ഒടുവിൽ അതിലെ ഒരു നടൻ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോൾ അവർക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുക പോലും ചെയ്യാതെ ഒഴിവാക്കി. ഞാൻ അന്ന് ഒരുപാട് കരഞ്ഞു,” ശാലിൻ പറഞ്ഞു.

AJILI ANNAJOHN :