അന്നെനിക്ക് പ്രണയം തോന്നിയിരുന്നു;മറുപടി നൽകി മണിയൻപിള്ള രാജു

ഇതുവരെ പറയാത്ത ഒരു പ്രണയകഥ വെളിപ്പെടുത്തി ഷക്കീല. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നെന്ന് ഷക്കീല പറയുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ഷക്കീല തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇഷ്ടം കൂടി അന്ന് താൻ രാജുവിന് പ്രണയലേഖനം വരെ അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു.

രാജു നിർമിച്ച മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വൺവേ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞത്. ചിത്രത്തിൽ ഷക്കീല സ്വന്തം പേരിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

‘2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. വലിയൊരു സഹായമായിരുന്നു എനിക്കത്.’

‘അത് മുതൽ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാൽ, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല’-ഷക്കീല പറഞ്ഞു.

ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു വലിയ ചിരിയായിരുന്നു മണിയൻപിള്ള രാജുവിന്റെ മറുപടി. ‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നൽകിയ കാര്യം സത്യമാണ്. എന്നാൽ, അവർക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവർ സ്വന്തം വാഹനത്തിൽ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാൽ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവർ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’-രാജു മാതൃഭൂമി ഡോട്ട് കോമിനോ​ട് പറഞ്ഞു.

ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റിച്ച ചദ്ദയാണ് ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയാവുന്നത്.

shakkeela open up her love for maniyanpilla raju

HariPriya PB :