വർഷങ്ങൾക്ക് ശേഷം ഭാവന-ഷാജി കൈലാസ് ചിത്രം; ‘ഹണ്ട്’ ഈ മാസം ആരംഭിക്കും

മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇടം നേടിയ ഒരാളാണ് ഭാവന . ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ ഭാവനയുടെ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്
സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഭാവന കേന്ദ്ര കഥാപാത്രമാകും. ‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്ന് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കർ തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ നിഖിൽ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2006-ൽ പുറത്തിറങ്ങിയ ‘ചിന്താമണി കൊലക്കേസാ’യിരുന്നു ഇരുവരും ഒന്നിച്ച ചിത്രം. സുരേഷ് ഗോപി നായകനായ സിനിമയിൽ ചിന്താമണി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നാ’ണ് ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘കാപ്പ’ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് എത്തും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.

AJILI ANNAJOHN :