വിവരമില്ലാത്ത പ്രായത്തില്‍ പ്രേമം കൊള്ളാം എന്ന് തോന്നി; ശബരീഷ് വര്‍മ്മ

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ‘പ്രേമം’. ചിത്രത്തിലെ നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്, സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്നീ കഥാപാത്രങ്ങളെ മലയാളികള്‍ വലിയ രീതിയില്‍ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് വര്‍മ്മ.

ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകള്‍ തന്നോട് വന്ന് പറയാറുള്ളതെന്നും അതിന്റെ മുകളിലേക്ക് വളരുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ ശബരീഷ്, ചിത്രീകരണ സമയത്ത് തന്നെ ചിത്രം ഹിറ്റടിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കൂട്ടിചേര്‍ത്തു. മമ്മൂട്ടി നായകനായ ടര്‍ബോയാണ് ശബരീഷിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴും പ്രേമത്തെ കുറിച്ചാണ് ആളുകള്‍ വന്ന് പറയാറുള്ളത്.

അതിന്റെ മുകളിലേയ്ക്ക് വളരുക എന്നതാണ് എന്റെ ആഗ്രഹം. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ചലഞ്ചും റെസ്‌പോണ്‍സിബിളിറ്റിയും. എനിക്ക് പ്രേമത്തിന്റെയും ശംഭുവിന്റെയും മുകളിലേക്ക് പോകണം. അതൊരു മോശമായിട്ടല്ല ഞാന്‍ പറയുന്നത്. ഈ വര്‍ഷവും പ്രേമം ചെന്നൈയില്‍ റീ റിലീസ് ചെയ്തിരുന്നു. പ്രേമത്തിലെ ആ കഥാപാത്രത്തെ ആളുകള്‍ ഇന്നും ഇഷ്ടപ്പെടുന്നു.

ഇത് എന്റെ കാര്യം മാത്രമല്ല. പ്രേമത്തില്‍ അഭിനയിച്ചിട്ടുള്ള എല്ലാവരുടെയും കാര്യം ഇങ്ങനെ തന്നെയാണ്. എനിക്ക് പ്രേമം ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. സിനിമയെടുക്കുന്നത് കാണുമ്പോള്‍ തന്നെ ഇത് എന്തായാലും ഫ്‌ളോപ്പാകില്ലെന്ന ധാരണ ഉണ്ടായിരുന്നു. നമുക്ക് വിവരമില്ലാത്ത പ്രായമായിരുന്നത് കൊണ്ടായിരിക്കാം കണ്ടപ്പോള്‍ ‘ഇത് കൊള്ളാം അളിയാ’ എന്ന് തോന്നിയത്.

ഇനി ഇപ്പോള്‍ എന്തുപറഞ്ഞാലും സിനിമ ഹിറ്റായല്ലോ. ഞങ്ങള്‍ക്ക് ഈ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല.’ എന്നാണ് അഭിമുഖത്തില്‍ ശബരീഷ് വര്‍മ്മ പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടര്‍ബോ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്.

Vijayasree Vijayasree :