അധികം അവാർഡ് നൈറ്റുകളിലോ സ്റ്റേജ് ഷോസിലോ ഒന്നും എന്നെ ആരും വിളിക്കാറില്ല.അതിന്റെ കാരണമെനിക്കറിയാം – സയനോര

കറുപ്പായതിന്റെ പേരിൽ താൻ അനുഭവിച്ച വളരെ മോശമൊരു അനുഭവത്തെ കുറിച്ച് ഗായിക സയനോര വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല , താൻ ഒട്ടേറെ അത്തരം അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സയനോര . വനിതക്ക് നൽകിയ അഭിമുഖത്തിലാണ് സയനോര മനസ് തുറന്നത് .

ജീവിതത്തിൽ കറുത്തവൾ എന്ന പേരിൽ പല അപമാനങ്ങളും വേദനകളും ഞാൻ അനുഭവിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവം പറയാം. നൃത്തം അന്നും ഇന്നും എനിക്കു ഹരമാണ്. കലോത്സവത്തിനുള്ള സംഘനൃത്തം ടീമിൽ മാഷ് എന്നെയും ഉൾപ്പെടുത്തിരുന്നു. പക്ഷേ, പിറ്റേന്ന് ചെന്നപ്പോൾ ലിസ്റ്റിൽ പേരില്ല. ചോദിച്ചപ്പോൾ പരിപാടിയുടെ ഓർഗനൈസറായ ടീച്ചർ മാറ്റി നിർത്തി പറഞ്ഞത്, ‘ദേ അവരെ കണ്ടോ, അവരൊക്കെ നല്ല വെളുത്ത കുട്ടികളല്ലേ, സയനോരയെ എത്ര മേക്കപ്പ് ചെയ്താലും അത്രയും ആവൂല്ല. സ്കൂളിന്റെ പോയിന്റല്ലേ പ്രധാനം’ എന്നാണ്. അതെന്നെ വളരെയധികം വേദനിപ്പിച്ചു.

മറ്റുള്ളവർ ചിന്തിക്കുമ്പോൾ, ഇങ്ങനെയൊക്കെ സംഭവിക്കുമോ, ഇതൊക്കെ വളരെ നാടകീയമാണല്ലോ എന്നു തോന്നാം. പക്ഷേ, അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാകൂ. കറുത്ത കുട്ടികൾക്കൊക്കെ ചെറുപ്പത്തിൽ ഇത്തരം മോശം അനുഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ടാകും. ഇപ്പോഴും അതിനു മാറ്റമില്ല. കൂട്ടുകാരിൽ നിന്നു പോലും അത്തരം പരിഹാസങ്ങളും കുത്തിനോവിക്കലുകളും നേരിട്ടിട്ടുള്ള, ഇപ്പോഴും നേരിടുന്നവളാണ് ഞാൻ.

നല്ല പെൺകുട്ടി എങ്ങനെയായിരിക്കണം എന്നതിന് സമൂഹം ഒരു പരമ്പരാഗത സങ്കൽപം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു നല്ല പെൺകുട്ടി മെലിഞ്ഞതായിരിക്കണം വെളുത്തതായിരിക്കണം നീണ്ട മുടിയുണ്ടായിരിക്കണം മധുരമായി, പതിയെ സംസാരിക്കണം എന്നൊക്കെയാണ് പറയുക. അങ്ങനെയൊന്നും അല്ല എന്ന് എത്ര തർക്കിച്ചാലും കല്യാണ ആലോചനയും മറ്റും വരുമ്പോൾ ഇതൊക്കെ സ്വാഭാവികമായും പൊങ്ങിവരും. പലരുടെയും അനുഭവം ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.

കുട്ടിക്കാലത്ത് കറുത്തവൾ എന്ന കോംപ്ലക്സിന്റെ പിടിയിലായിരുന്നു ഞാൻ. വലിയ വിഷമമായിരുന്നു. ഹൈസ്കൂളിലൊക്കെ എത്തിയപ്പോൾ അത് കൂടി. പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ചെക്കൻമാരോട് മിണ്ടാനും കമ്പനിയാകാനും മടിയായിരുന്നു. എന്നെ കാണാൻ ഭംഗിയില്ല, ആർക്കും എന്നെ ഇഷ്ടമല്ല എന്നൊക്കെയുള്ള തോന്നലായിരുന്നു മനസ്സിൽ. പിന്നെ ഗിറ്റാറൊക്കെ വായിച്ച്, പാട്ടൊക്കെ പാടി കോളേജിൽ സ്റ്റാറായതോടെയാണ് അത് മാറിത്തുടങ്ങിയത്. ഇതൊന്നുമല്ല അളവു കോൽ എന്ന തിരിച്ചറിവിലേക്കു വന്നതോടെ അത്തരം വേണ്ടാത്ത ചിന്തകൾ മനസ്സിൽ നിന്നു മാഞ്ഞു. കുടുംബം ഒരിക്കലും എന്നിൽ അത്തരമൊരു തോന്നൽ സൃഷ്ടിച്ചിട്ടേയില്ല. ‘എന്റെ മിസ് വേൾഡ് എന്റെ മോളാണ്, വേറെയാരും പറയുന്നത് കേൾക്കണ്ട’ എന്ന് ഡാഡി എപ്പോഴും പറയും. ഇതൊന്നും എന്റെ മാത്രം അനുഭവമല്ല.

ഇപ്പോഴും മറ്റൊരു തരത്തിൽ നിറത്തിന്റെ പ്രശ്നം ഞാൻ നേരിടുന്നുണ്ട്. അധികം അവാർഡ് നൈറ്റുകളിലോ സ്റ്റേജ് ഷോസിലോ ഒന്നും എന്നെ ആരും വിളിക്കാറില്ല. ഞാൻ ഒരു നല്ല പെർഫോമറാണെന്ന ബോധ്യം എനിക്കുണ്ട്. അപ്പോൾ അതല്ല കാര്യം. മറ്റെന്താണെന്നു ചിന്തിക്കുമ്പോൾ, കളറും വണ്ണവുമൊക്കെയാണ് പ്രശ്നം. ഞാൻ മാത്രമല്ല, ഇത്തരത്തിൽ അവഗണിക്കപ്പെടുന്ന പലരുമുണ്ട്. എന്നു കരുതി തടി കുറയ്ക്കണം എന്നൊന്നും എനിക്കു തോന്നിയിട്ടില്ല. നല്ല ഭക്ഷണം കഴിക്കുക, ആരോഗ്യം സൂക്ഷിക്കുക എന്നതാണ് പ്രധാനം. സത്യത്തിൽ ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്നും പറയാം. എന്റെ കളറിന് ഒരു യുണീക് ടച്ച് ഉണ്ട്, ഞാൻ ഭംഗിയുള്ള ആളാണ് എന്ന തിരിച്ചറിവ് ഇപ്പോൾ എന്നിലുണ്ട്. അതാണ് എന്റെ ആത്മവിശ്വാസം.

അടുത്തിടെ ഒരു സംഭവമുണ്ടായി. അതു കൂടി പറയാം. ഞാനും കുടുംബവും ഒരു വീട്ടിൽ വിരുന്നിനു പോയി. എന്റെ മോൾ സനയും അവിടുത്തെ കുട്ടികളുമായി കളിക്കുന്നതിനിടെ അതിൽ ഒരു ആൺകുട്ടിയെ പേര് മറന്നു പോയിട്ട് അവൾ കറുത്ത ചേട്ടൻ എന്നു വിളിച്ചു. എല്ലാവരും ചിരിച്ചു. പക്ഷേ എന്റെ കണ്ണ് നിറഞ്ഞു. ഉടൻ ആ കുട്ടി അകത്തേക്ക് പോയി, മുഖം ഒക്കെ കഴുകി, കുറച്ച് പൗഡറൊക്കെയിട്ട് വന്നിട്ടു പറയുകയാണ്, ‘ദേ നോക്ക്, ഇപ്പോൾ ചേട്ടനും വെളുത്തില്ലേ’ എന്ന്. അപ്പോഴും കുട്ടിയുടെ അമ്മയടക്കം ചിരിയാണ്. അതൂടെയായപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ മോളെ കുറെ വഴക്കു പറഞ്ഞു. നിന്റെ അമ്മയും കറുത്തതല്ലേ, എന്നെ ആളുകൾ കറുത്ത പെണ്ണേന്നു വിളിച്ചാൽ നിനക്ക് ഇഷ്ടമാകുമോ എന്നൊക്കെ ചോദിച്ച് കുറേ ദേഷ്യപ്പെട്ടു. അതോടെ മോൾ കരയാൻ തുടങ്ങി. പക്ഷേ, അങ്ങനെ വേണം. കുട്ടികളെ തിരുത്തണം. അതാണ് ശരി. കുട്ടികളെ അത്തരമൊരു തോന്നലിലേക്ക് ഒരിക്കലും തള്ളി വിടരുത്.

sayanora about her skin colour

Sruthi S :