ക്ഷേത്രത്തില്‍ പോയാല്‍ സംഘിയാവില്ല, ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്; ശരത്കുമാര്‍

ക്ഷേത്രത്തില്‍ പോയാല്‍ സംഘിയാവില്ലെന്നും ബിജെപി രാജ്യത്ത് നടത്തുന്നത് നല്ല ഭരണമാണെന്നും നടന്‍ ശരത്കുമാര്‍. എന്നാല്‍ അത്തരം കാര്യങ്ങള്‍ ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും ശരത്കുമാര്‍ പറയുന്നു. രജനികാന്തിന്റെ അയോദ്ധ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശരത്കുമാറിന്റെ മറുപടി. അവസരം വന്നാല്‍ താനും അയോദ്ധ്യ സന്ദര്‍ശിക്കുമെന്നും ശരത്കുമാര്‍ പറയുന്നു.

‘ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണ്. ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതു മാത്രം ആരും പയുന്നില്ല. എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ചിലയാളുകളുടെ ചിന്തയില്‍ മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകും. രജനികാന്ത് അയോധ്യ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാനും അയോധ്യയിലെ ക്ഷേത്രത്തില്‍ പോകും.

ഓരോ വ്യക്തിക്കും അവരുടേതായ ഓരോ വിശ്വാസങ്ങളുണ്ട്. നിങ്ങള്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതെങ്കിലും ബിജെപി പ്രവര്‍ത്തകരും നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ സംഘിയാകുന്നു. ഇങ്ങനെയൊന്നും പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ വ്യക്തിയാണ് ഏതു അമ്പലത്തില്‍ പോണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത്. മറ്റൊരാളുടെ വാക്ക് കേട്ട് ഇങ്ങനെ ചെയ്യരുത്.’ എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശരത്കുമാര്‍ പറഞ്ഞത്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാര്‍ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിര്‍ദേശം. ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാര്‍ പ്രാധാന്യം നല്‍കുന്നത്. അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്.

1996ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു.പിന്നീട് 2001ല്‍ ഡി.എം.കെ.യുടെ രാജ്യസഭാംഗമായി. 2006ല്‍ ഡി.എം.കെ. വിട്ട് ഭാര്യ രാധികയ്‌കൊപ്പം അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ രാധികയെ പുറത്താക്കിയതോടെ 2007ല്‍ സമത്വ മക്കള്‍ കക്ഷി ആരംഭിച്ചു.2011ല്‍ തെങ്കാശിയില്‍നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടൊപ്പമായിരുന്നു.

Vijayasree Vijayasree :