സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍

നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇതിനോടകം തന്നെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്. ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയില്‍ ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമര്‍ശനങ്ങളാണ് ഫഹദ് നേരിട്ടത്. അതിന് ശേഷം നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേര്‍ണലിസ്റ്റ് ആയി ഫഹദ് സിനിമയില്‍ തിരിച്ചുവരവ് നടത്തി.

ഇന്ന് ‘ആവേശം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കി കരിയറിന്റെ ഏറ്റവും പീക്കിലാണ് ഫഹദ് നില്‍ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും, കൈയത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. സിനിമയില്‍ തിരിച്ചുവരുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല എന്നാണ് ഫഹദ് പറയുന്നത്.

‘എന്റെ ആദ്യത്തെ സിനിമ പരാജയപ്പെട്ടതിന് ശേഷം ഞാന്‍ അമേരിക്കയില്‍ പോയി. എന്നാല്‍ സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അമേരിക്കയില്‍ ഞാന്‍ ജീവിതം തുടങ്ങിയിരുന്നു. എട്ടു വര്‍ഷം അവിടെ ജീവിച്ചു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു ജോലി ആവശ്യമായിരുന്നു, എന്തെങ്കിലും ചെയ്യണമല്ലോ, അങ്ങനെയാണ് എന്‍ജിനീയറിങ് പഠിക്കാന്‍ പോയത്, അതു പാതിവഴിയില്‍ വിട്ടാണ് ഫിലോസഫി ചെയ്തത്.

ഇവിടെ വന്നപ്പോള്‍ ജോലി കിട്ടാനൊരു മാര്‍ഗവുമില്ല. അടുത്ത സര്‍ക്കിളുകളില്‍ ഉള്ളവരെല്ലാം സിനിമയിലായിരുന്നു. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം സിനിമയിലാണ്. ഞാന്‍ അവരുമായി ഇടപഴുകാന്‍ തുടങ്ങി. അപ്പോഴാണ് എഴുത്തിന്റെ ശ്രമം നടക്കുന്നത്. സിനിമയുടെ എഴുത്തുപണികളില്‍ ഞാനും ഭാഗമാകാന്‍ തുടങ്ങി. അങ്ങനെയാണ് ആദ്യ അവസരം ലഭിച്ചത്. മൃത്യുഞ്ജയം ഞാന്‍ ഒട്ടും ഗൗരവമായി എടുത്തില്ല. ഉദയേട്ടനും രഞ്ജിയേട്ടനും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. അതു കണ്ടിട്ടാണ് സമീര്‍ വിളിക്കുന്നത്.

എട്ടു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ അഭിനയത്തെക്കുറിച്ച് ഞാനെന്തൊക്കെയോ മനസിലാക്കി വച്ചിരുന്നു. തിരിച്ചു വന്നിട്ട്, ആ മനസിലാക്കിയതു ചെയ്യുമ്പോള്‍ ആളുകള്‍ക്ക് അതിഷ്ടമായി. അതെനിക്ക് സര്‍െ്രെപസ് ആയിരുന്നു. വര്‍ക്ക് ചെയ്ത റൂട്ട് കൃത്യമായിരുന്നല്ലേ എന്ന ഫീലായിരുന്നു എനിക്ക്.

ചാപ്പാക്കുരിശ്, 22എഫ്‌കെ, ഡയമണ്ട് നെക്ക്‌ലസ് എന്നിങ്ങനെ സിനിമകള്‍ സംഭവിച്ചു. പ്രേക്ഷകരുമായി ഒരു വിശ്വാസം സൃഷ്ടിക്കപ്പെട്ടു. ഞാന്‍ വിശ്വസിക്കുന്നത് ചെയ്യാനാണ് എനിക്കിഷ്ടം. 100 കോടി ക്ലബില്‍ കയറുന്നതിലല്ല, പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനാണ് മുന്‍തൂക്കം. അതൊരിക്കലും സിനിമയില്‍ മാറില്ല.

ഞാന്‍ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് വാപ്പ എന്നെ വിളിക്കുമ്പോള്‍ സ്ഥിരം ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. കാലാവസ്ഥ എങ്ങനെയുണ്ട്? ആരോഗ്യം ഓകെ അല്ലേ? ഹാപ്പി അല്ലേ? ഇത്ര കാര്യങ്ങളെ ചോദിക്കൂ. അതു വച്ചൊരു സിനിമ ചെയ്യണം. ഞാനങ്ങനെ തിരക്കഥയൊന്നും എഴുതിയിട്ടില്ല. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നല്ല ക്ഷമ വേണ്ട പണിയാണ്. എനിക്കത്രയും ക്ഷമയില്ല. ഭാവിയില്‍ സംഭവിക്കുമോ എന്നുറപ്പില്ല. ഞാനെഴുതിയ സീന്‍ സിനിമയില്‍ വന്നിട്ടൊന്നുമില്ല. ചില ഡയലോഗുകള്‍ ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കൃത്യമായ എഴുത്ത് എനിക്കു പറ്റുന്ന പരിപാടിയില്ല.’ എന്നാണ് ഫഹദ് പറഞ്ഞത്.

Vijayasree Vijayasree :